കോട്ടയം: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനു ഓണ്‍ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി.
പ്രായമുള്ളവരടക്കം നിരവധി പേരാണു ദിവസവും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താനാകാതെ ബുദ്ധിമുട്ടുന്നത്.
ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോർട്ടൽ വഴിയോ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
രജിസ്ട്രേഷൻ ചെയ്തുശേഷം ലഭിക്കുന്ന ഷെഡ്യൂൾ അനുസരിച്ചു വാക്സിനേഷൻ സെന്ററിൽ അപ്പോയ്ൻമെന്റ് സ്ലിപ്പ് പ്രിന്റ് ഒൗട്ട് എടുത്തതോ മൊബൈൽ ഫോണിൽ വന്ന മെസേജ് ഹാജരാക്കിയോ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നത്.
എന്നാൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ സാങ്കേതികമായ പല കാരണങ്ങളാൽ സാധ്യമാകുന്നില്ലെന്നാണു പരാതി. ദിവസങ്ങളായി രജിസ്ട്രേഷനു ശ്രമിക്കുന്പോഴും കൃത്യമായ ഷെഡ്യൂൾ ലഭിക്കുന്നില്ലെന്നാണ് നിരവധി ആളുകൾ പറയുന്നത്.
ആധാർ നന്പർ രജിസ്റ്റർ ചെയ്തിട്ടും രജിസ്ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററും തീയതിയും ലഭിക്കുന്നില്ലെന്നും പറയുന്നവർ നിരവധിയാണ്.
ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെ വൈകുന്നേരങ്ങളിൽ രജിസ്റ്റർ ചെയ്താൽ സാധിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അപ്പോഴും ഓപ്ഷൻ ലഭിക്കുന്നില്ലെന്നാണ് ആരോപണം.
രജിസ്റ്റർ ചെയ്യേണ്ട വിധം
- cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- സ്വയം രജിസ്റ്റർ ചെയ്യുക/പ്രവേശിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 10 അക്ക മൊബൈൽ നന്പർ അല്ലെങ്കിൽ ആധാർ നന്പർ നൽകുക.
- മൊബൈൽ നന്പറിൽ ലഭിക്കുന്ന ഒടിപി നന്പർ നൽകിയിരിക്കുന്ന സ്ഥലത്ത് ടൈപ് ചെയ്യുക.
- രജിസ്റ്റർ ചെയ്ത് ആവശ്യമുള്ള തീയതിയും സമയവും നൽകുക.
- കോവിഡ്-19 വാക്സിനേഷൻ പൂർത്തിയായശേഷം ലഭിക്കുന്ന റഫറൻസ് ഐഡിയിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
ആവശ്യമായ രേഖകൾ
വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്, പാസ്പോർട്ട്, ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന പാസ്ബുക്കുകൾ, പെൻഷൻ പ്രമാണം, സർക്കാർ/പബ്ലിക് ലിമിറ്റഡ് കന്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരച്ചറിയൽ രേഖകൾ കരുതണം.