കൊച്ചി: രോഗമുക്തി നിരക്ക് വര്‍ധിക്കുന്നതിനൊപ്പം എറണാകുളം ജില്ലയില്‍ പിടിവിട്ട് മരണസംഖ്യയും ഉയരുന്നു. ആയിരം കടന്ന മരണസംഖ്യ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ധിക്കുന്ന കാഴ്ചയാണുള്ളത്.
കഴിഞ്ഞ 15 ദിവസത്തിനിടെ 192 മരണങ്ങളാണു ജില്ലയില്‍ സ്ഥിരീകരിച്ചത്. 0.25 ശതമാനത്തിലും താഴെയെത്തിയിരുന്ന മരണനിരക്ക് നിലവില്‍ 0.32 ശതമാനത്തിലെത്തി.
94.6 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ 3,33,892 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,15,861 പേരും രോഗമുക്തി നേടി.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണമാകട്ടെ 14,555 ആയി കുറയുകയും ചെയ്തു. ഇന്നലെ 977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,771 പേര് രോഗ മുക്തി നേടി.
1,541 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,773 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണമാകട്ടെ കുത്തനെ കുറഞ്ഞു 40,446 ആയി. ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 10,706 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചതായും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.1 ശതമാനമായി കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.