ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാൽ ലക്ഷവും കടന്നു കുതിക്കുന്നു.
ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,341 പേർ മരിച്ചതോടെ കോവിഡ് മൂലമുള്ള ഇന്ത്യയിലെ ആകെ മരണം 1.75 ലക്ഷം കടന്നു.
ചികിത്സയിലുള്ളവരുടെ എണ്ണം ഇന്നലെ 16,79,740 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ മൊത്തം എണ്ണം 1,45,26,609 ആയി.
ഇതുവരെ 1,26,71,220 പേർ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച 1.45 കോടി പേരിൽ 1,75,649 പേർ മരിച്ചു. ഇന്നലെ വരെ 11,99,37,641 പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ മരിച്ച 1,341 പേരിൽ പകുതിയിലേറെ മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര- 398, ഡൽഹി- 141, ഛത്തീസ്ഗഡ്- 138, യുപി-103, ഗുജറാത്ത്- 94, കർണാടക- 78, മധ്യപ്രദേശ്- 60, ജാർഖണ്ഡ്-56, പഞ്ചാബ്-50, തമിഴ്നാട്-33 എന്നിങ്ങനെയാണു മരണം.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിലാണ് അതീവരൂക്ഷമായത്. ഛത്തീസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും കേസുകൾ കുത്തനെ കൂടി.
മൊത്തം കേസുകളുടെ 85.83 ശതമാനവും ഈ സംസ്ഥാനങ്ങളും കേരളവും അടക്കം 10 സംസ്ഥാനങ്ങളിലാണ്.
എന്നാൽ ലക്ഷദ്വീപ്, ആൻഡമാൻ, ലഡാക്, മണിപ്പുർ, സിക്കിം, മിസോറം, ത്രിപുര, അരുണാചൽ അടക്കം ഒന്പതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിൽ ഒരു മരണം പോലുമില്ല.
സംസ്ഥാനത്ത് രണ്ടാം ദിനത്തിലും രോഗികൾ 10,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,835 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണമാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.04 ശതമാനം.
പരിശോധിച്ച ആറിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചു എന്നർഥം. അതിതീവ്ര രോഗവ്യാപനമാണു സംസ്ഥാനത്തുള്ളതെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വെള്ളിയാഴ്ച 1,35,159 സാന്പിളുകളാണു ശേഖരിച്ചത്.
ഇതിൽ 81,211 സാന്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാന്പിളുകളുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ വരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ 27 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,904 ആയി. 58 ആരോഗ്യപ്രവർത്തകർക്കുകൂടി രോഗം ബാധിച്ചു. 3,654 പേർ ഇന്നലെ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 80,019 ആയി ഉയർന്നു.