കോഴിക്കോട്: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53) ആണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതയായിരുന്നു ആമിന. കേരളത്തിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.
മേയ് 20ന് അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയ ഇവർ ക്യാൻസർ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവൻ നിലനിർത്തിയത്. 2017മുതൽ കാൻസർ രോഗബാധിതയാണ് ആമിന.
ആമിനയ്ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ മരിച്ചു
അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മൂന്നു മലയാളികള്‍ മരിച്ചു. അബുദാബിയില്‍ രണ്ടു പേരും കുവൈത്തില്‍ ഒരാളുമാണ് മരിച്ചത്.
തൃശൂര്‍ സ്വദേി ഫിറോസ് ഖാന്, കണ്ണൂര്‍ സ്വദേശി അനില്‍ കുമാര്‍ എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. മലപ്പുറം സ്വദേശി ബദറുല്‍ മുനീര്‍ കുവൈത്തിലും മരിച്ചു.
ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 107 ആയി.