സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും അതു നേടിയെടുക്കാനുള്ള കടമ്പകൾ കടക്കാനാകാതെ ഉറ്റവർ.
കോവിഡ് ബാധിച്ചു മരിച്ചവരുടെ പേര് ആരോഗ്യവകുപ്പിന്റെ ലിസ്റ്റിൽ വന്നിട്ടില്ലെങ്കിൽ സൈറ്റിൽ കയറി ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റെടുക്കണം.
പിന്നീട് ഐസിഎംആർ സർട്ടിഫിക്കറ്റ് എടുക്കണം. അവസാനം റവന്യൂ വകുപ്പിന്റെ സൈറ്റിൽ കയറി വിവരങ്ങൾ അപ്ലോഡ് ചെയ്യണം.
ഇത്രയും കടമ്പകൾ കടക്കാൻ മാസങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർ കാത്തിരിക്കുന്നത്. പലരും ആദ്യത്തെ നടപടിക്രമം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ.
അതാതു ഹെൽത്ത് സെന്ററിൽ മരണവിവരം ഉള്ളവർ അവിടെനിന്ന് എല്ലാ വിവരങ്ങളും എടുത്തുവേണം കോവിഡ് ഡെത്ത് ഡിക്ലറേഷൻ നടത്തുന്നതിനു സൈറ്റിൽ കയറി വിവരങ്ങൾ നൽകേണ്ടത്.
ഇതു സാധാരണക്കാർക്കു പലപ്പോഴും സാധിക്കില്ല. അക്ഷയ കേന്ദ്രങ്ങളിലോ മറ്റു കംപ്യൂട്ടർ കേന്ദ്രങ്ങളിലോ പോയാണ് പലരും ഇതു ചെയ്തിരിക്കുന്നത്.
എന്നാൽ, ഇതെല്ലാം ചെയ്ത് ഒരു മാസത്തിൽ കൂടുതലായിട്ടും അടുത്ത നടപടിക്രമം എന്താണെന്നു ബന്ധപ്പെട്ടവരെ ആരും അറിയിച്ചിട്ടില്ല.
പണം എപ്പോൾ വരുമെന്ന അന്വേഷണവുമായി ഇവർ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയപ്പോഴാണ് ഇനിയും രണ്ടു നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കിയാലേ പണം ലഭിക്കൂ എന്ന് അറിയുന്നത്.
അത് എപ്പോൾ, എങ്ങനെ ചെയ്യുമെന്നറിയാതെ ആരോഗ്യ കേന്ദ്രങ്ങളിൽ കയറിയിറങ്ങുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.
പലരും പണം കടം വാങ്ങി ബന്ധുക്കളുടെ ചികിത്സ നടത്തിയവരാണ്. എന്നിട്ടും ഉറ്റവരുടെ ജീവൻ തിരിച്ചുകിട്ടാതെ എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരായ ഇവരെ വീണ്ടും കഷ്ടത്തിലാക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേത്.
സംസ്ഥാനത്ത് ഇന്നലെവരെ നാൽപ്പതിനായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
കേന്ദ്രസർക്കാരാണ് ധനസഹായം നൽകുന്നത് എന്നതിനാലാണ് ഇത്രയും നടപടിക്രമങ്ങൾ വേണ്ടിവരുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.