ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതിൽ 1,97,387 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,95,881 പേർക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 384 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 15,685 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു കോടിയിലേക്ക്
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവിൽ 99,10,068 ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക അടുക്കുന്നുവെന്നതും ആശങ്ക വർധിപ്പിക്കുന്നു.
ഇതുവരെ 4,96,845 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്. 53,57,233 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്: അമേരിക്ക- 25,52,956, ബ്രസീൽ- 12,80,054, റഷ്യ- 6,20,794, ഇന്ത്യ- 5,09,446, ബ്രിട്ടൻ- 3,09,360, സ്പെയിൻ- 2,94,985, പെറു- 2,72,364, ചിലി- 2,63,360, ഇറ്റലി- 2,39,961, ഇറാൻ- 2,17,724.