ഡാളസ് (ടെക്സസ്): ഡാളസിൽ കോവിഡ് ബാധിച്ചു അധ്യാപക ദന്പതികൾ മരിച്ചു. ഡാളസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്ക·ാർ കോവിഡ് ബാധിച്ചു മരിച്ചു.
നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപക ദന്പതിമാരായ പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ (65) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
കൈകൾ കോർത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം.
ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകൻ ക്രിസ്റ്റഫർ ബ്ലാക്ക് വെൽ പറഞ്ഞു.
ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ ഒരു മരണം ഞങ്ങൾ ആദ്യമായാണ് കാണുന്നതെന്നും ഇവർ പറഞ്ഞു.
ഗ്രാന്റ് പ്രറേറി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകരായിരുന്നു ഇരുവരും. പോൾ ഫാനിൽ മിഡിൽ സ്കൂളിൽ അധ്യാപകനും റോസ് മേരി ട്രാവിസ് വേൾഡ് ലാഗ്വേജ് അക്കാദമിയിൽ അധ്യാപികയുമായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ