കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നു. നേരത്തേ കോവിഡ് പോസിറ്റീവായ ആളുടെ സമീപ കിടക്കയിൽ ഉണ്ടായിരുന്ന ആളുടെ കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ഗൈനക്കോളജി വിഭാഗത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നായി. 55 ഡോക്ടർമാർ ഉൾപ്പെടെ 130 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായി.
ഗൈനക്കോളജി വിഭാഗത്തിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യ പ്രവർത്തകരെയും പൂർണമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
500 പേരുടെ സാംപിൾ പരിശോധിക്കാനാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തിൽ തിങ്കളാഴ്ച അണുനശീകരണം ആരംഭിച്ചിരുന്നു. 15 ജീവനക്കാർ ചേർന്നാണു മെഷീൻ ഉപയോഗിച്ച് അണുനാശിനി തളിക്കുന്നത്.
അതേസമയം, ഏറ്റുമാനൂരിലും രോഗവ്യാപനം വര്‍ധിക്കുന്നത് ഉയർത്തുന്നു. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല.
രോഗബാധിതര്‍ കഴിയുന്നത് പച്ചക്കറിച്ചന്തയിലെ താല്‍ക്കാലിക താമസസ്ഥലത്താണ്. ആശുപത്രിയില്‍ സ്ഥലമില്ലാത്തതിനാല്‍ മാറ്റാനാവില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഏറ്റുമാനൂർ പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഏറ്റുമാനൂര്‍ മാറുമെന്നാണ് അധികൃതരുടെ ആശങ്ക.