ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ പരിഹസിച്ച് ചൈന.
സാമാന്യബോധത്തെ അവഹേളിക്കുന്ന ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ചൈന അംഗീകരിക്കില്ലെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി സെംഗ് യിഷിൻ പറഞ്ഞു.
രണ്ടാം ഘട്ട അന്വേഷണത്തിൽ തുറന്ന മനസോടെ സഹകരിക്കാൻ ചൈന തയാറാകണമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രെയേസൂസ് ആവശ്യപ്പെട്ടിരുന്നു.
ആദ്യ അന്വേഷണത്തിൽ ചൈന കൈമാറാൻ വിസമ്മതിച്ച രോഗികളുടെ വിവരങ്ങൾ പങ്കുവയ്ക്കണമെന്നും രോഗം ആദ്യം കണ്ടെത്തിയ സ്ഥലത്തെ ഗവേഷണ കേന്ദ്രങ്ങൾ ഓഡിറ്റിനു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ ടീം ഈ വർഷമാദ്യം വുഹാനിൽ പോയി അന്വേഷണം നടത്തി.
വുഹാനിലെ ഗവേഷണ കേന്ദ്രത്തിൽനിന്നു പുറത്തുവന്നതാണു വൈറസ് എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.