സിജോ പൈനാടത്ത്
കൊച്ചി/രാജ്കോട്ട്: കോവിഡ് വീശയടിക്കുന്ന ഗുജറാത്തിൽ സ്ഥിതി അതീവ ഗുരുതരമെന്നു ഗുജറാത്ത് മലയാളികൾ.
മാധ്യമങ്ങളിൽ വരുന്നതിനേക്കാൾ ഗുരുതരമാണ് സ്ഥിതിവിശേഷമെന്ന് ഇവർ പറയുന്നു. ആശുപത്രികൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞു.
ഗുജറാത്തിന്റെ വിവിധ മേഖലകളിൽ മലയാളികൾ അടക്കം നിരവധി പേർ കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു.
നിരവധി മലയാളികൾ കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലും അല്ലാതെയും ചികിത്സയിലാണ്. ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പടെ ഏഴു കത്തോലിക്ക വൈദികരും മരിച്ചു.
കോഴിക്കോട് വിലങ്ങാട് സ്വദേശികളായ മലയാളി ദമ്പതികളും മരുമകളും കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാലു ലക്ഷത്തിലേറെ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഗാന്ധിനഗർ, ജാം നഗർ, ഭാവ്നഗർ എന്നിവിടങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ 689 മൃതശരീരങ്ങൾ പ്രോട്ടോക്കോൾ പാലിച്ചു സംസ്കരിച്ചെങ്കിലും സർക്കാർ പത്രക്കുറിപ്പിൽ 78 മരണം മാത്രമേ കാണിച്ചിട്ടുള്ളൂ.
മലയാളികൾ
ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന് ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികൾ.
കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയാണ്. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന് (ഐസിപിഎ), സൗത്ത് ഏഷ്യന്‍ കാത്തലിക് പ്രസ് അസോസിയേഷന് (എസ്എസിപിഎ) എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
രാജ്കോട്ട് സെന്റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം -അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. രാജ്കോട്ട് രൂപതയിലായിരുന്നു സേവനം.
രൂപതയിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം.
ജസ്യൂട്ട് അഹമ്മദാബാദ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്ന ഫാ. ജെറി സെക്യൂറ (73)യാണു കോവിഡ് ബാധിച്ചു മരിച്ച മറ്റൊരു വൈദികന്. അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം.
ബറോഡാ രൂപത വൈദികനായ ഫാ.പോള്‍ രാജ് നെപ്പോളിയന് (38), ജസ്യൂട്ട് വൈദികന് ഫാ .യേശുരാജ് അര്‍പുതം, എസ്വിഡി വൈദികന് ഫാ. രായപ്പന് ചിന്നപ്പന് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചാണു മരിച്ചത്. ഗുജറാത്തില്‍ സേവനം ചെയ്തുവന്ന മൂവരും തമിഴ്നാട് സ്വദേശികളാണ്.
മംഗലാപുരം സ്വദേശിയായ ജസ്യൂട്ട് വൈദികന് ഫാ. ഇര്വിന് ലോസാര്ഡോയും ഗുജറാത്തില്‍ കോവിഡ് ബാധിച്ചാണു മരിച്ചത്. മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.
ദന്പതികളും മരുമകളും
അഹമ്മദാബാദില്‍ താമസിച്ചിരുന്ന കോഴിക്കോട് വിലങ്ങാട് സ്വദേശികളായ കാരിക്കുന്നേല്‍ ഫിലിപ്പ് (71 ), ഭാര്യ മേരി (66 ) എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച ദമ്പതികള്‍.
മരുമകള്‍ സ്മിത തോമസും (43) കോവിഡ് ബാധിച്ചു മരിച്ചു.
കഴിഞ്ഞ 16നു ഫിലിപ്പ് മരിച്ചു ഒരു മണിക്കൂറിനു ശേഷമായിരുന്നു മേരിയുടെ നിര്യാണം. പിറ്റേന്നാണു സ്മിത മരിച്ചത്.
ഇവരുടെ മകന് തോമസ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലാണ്.
ബിജ്നോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികന് ഫാ.ജോ കാരിക്കുന്നേല്‍, ജിസി എന്നിവരാണു മറ്റു മക്കള്‍.