പത്തനംതിട്ട: ഇന്നലെ വരെ 345 ആളുകളില്‍ കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ 91 പേരില്‍ മാത്രമാണ് സമ്പര്‍ക്കത്തിലൂടെ ഇത് പകര്‍ന്നിരിക്കുന്നത്.
254 പേരും വിദേശത്തുനിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ രോഗവാഹകരായി എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരാകട്ടെ പുതുതായി ആരിലേക്കും ഇതു പകര്‍ന്നു നല്കിയതുമില്ലെന്നതു നേട്ടമായി. രണ്ടുപേര്‍ മാത്രമാണ് കേരളത്തില്‍ മരിച്ചത്.
രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ വരെ 58 പേര് സംസ്ഥാനത്തു രോഗവിമുക്തി നേടുകയും ചെയ്തു. ക്വാറന്റൈന് കാലാവധി കഴിഞ്ഞതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കേരളത്തില്‍ കുറവുണ്ടായിട്ടുണ്ട്.
ഏറെ ആശ്വാസം പകരുന്നതാണ് ഇവയെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയോ കേരളത്തിനു പുറമേനിന്ന് ഇവിടേക്ക് ആളെത്തുകയോ ചെയ്താല്‍ വീണ്ടും നിരീക്ഷണത്തിലാക്കേണ്ടവരുടെ എണ്ണം കൂടാനിടയുണ്ട്.
ഇതിലൂടെ ജാഗ്രത സംസ്ഥാനത്തു വര്‍ധിപ്പിച്ചേ മതിയാകൂവെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ പലര്‍ക്കും 20 ദിവസം കഴിഞ്ഞു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണമില്ലാത്ത ഇവരെ ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നെത്തിയതിന്റെ പേരില്‍ പരിശോധനയ്ക്കുവിധേയരാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റൈനില്‍ കഴിഞ്ഞവരില്‍ പരിശോധന കൂട്ടേണ്ട ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.