തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം (5,02,719) കഴിഞ്ഞതോടെ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞത്. രണ്ട് മാസം കൊണ്ടു രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി.
ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കഴിഞ്ഞപ്പോഴും രോഗമുക്തരുടെ എണ്ണം 4,22,410 ആണ്. ഇനി ചികിത്സയിലുള്ളത് 78,420 പേരാണ്.
മരണ സംഖ്യ 1771 മാത്രമെന്നതാണ് ആശ്വാസം. കേരളത്തിലെ മരണ നിരക്ക് 0.35 ആണ്. ഈ തീര്‍ഥാടന കാലത്തും തെരഞ്ഞെടുപ്പുകാലത്തും ഒട്ടും അലംഭാവം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
10 മാസമായി കോവിഡിനെതിരായ പ്രതിരോധത്തിലാണ് സംസ്ഥാനം. ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ഥിയിലൂടെ കേരളത്തിലാണ്.
ആദ്യ ഘട്ടത്തില്‍ മൂന്നുകേസുകളാണ് ഉണ്ടായത്. മേയ് മൂന്നു വരെയുള്ള രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്.
മേയ് മൂന്നിന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തു.
ലോക്ക്ഡൗണ്‍ മാറി മേയ് നാലിന് ചെക്ക്പോസ്റ്റുകള്‍ തുറന്നതോടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം പതിയെ വര്‍ധിച്ചു.
തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000 കടന്നു.
ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണമെന്നു മന്ത്രി നിർദേശിച്ചു.