ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കേന്ദ്ര സർക്കാർ. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മൂന്നാഴ്ചയായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര നഗർ ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണു മൂന്നാഴ്ചയായി കോവിഡ് മരണം ഉണ്ടാകാത്തതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, ഇന്നലത്തെ പുതിയ 9,110 കേസുകളിൽ പകുതിയിലേറെയും (5,214) കേസുകളും കേരളത്തിലാണെന്നത് ആശങ്കാജനകമായി.
ഇന്ത്യ യിലെ 1,43,625 സജീവ കേസുകളിൽ 69,456 കേസുകളുള്ള കേരളമാണ് രാജ്യത്തു മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ മൊത്തം ആക്ടീവ് കേസുകൾ 44,944 ആയി കുറഞ്ഞു. ഇന്ത്യയിലെ ആകെ കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത ആവശ്യമാണെന്നു കേന്ദ്രം നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെയുള്ള മൊത്തം 1,43,625 കോവിഡ് കേസുകളിൽ ഭൂരിപക്ഷവും അഞ്ചു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര (2,044,071), കേരളം (9,68,438), കർണാടക (9,42,518), ആന്ധ്രപ്രദേശ് (8,88,423), തമിഴ്നാട് (8,41,797) എന്നീ അഞ്ചു സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കോവിഡ് കേസുകളും മരണങ്ങളും പതിവായി കുറയുകയാണ്.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോഴുള്ള സജീവ കേസുകളുടെ കാര്യത്തിൽ ഇന്ത്യ 18-ാം സ്ഥാനത്താണ്.
62.59 ലക്ഷം പേർക്ക് ഇന്ത്യയിൽ കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു. 24 ദിവസംകൊണ്ട് 60 ലക്ഷത്തിലേറെ പേർക്കു കോവിഡ് പ്രതിരോധ കുത്തിവയ്പു നൽകിയത് ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിലാണ്.