തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 108 പേർക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.
കൊല്ലത്ത് 19 പേര്‍ക്കും തൃശൂരിൽ16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് 11 പേര്‍ക്കും കാസര്‍ഗോട്ട്10 പേര്‍ക്കും പത്തനംതിട്ടയിൽ ഒൻപത് പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കോട്ടയത്ത് രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 64 പേര് വിദേശ രാജ്യങ്ങളില്‍നിന്നും (യുഎഇ- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലൻഡ്-1) 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്ട് ഏഴ് പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കും തൃശൂരിൽ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരിച്ചിരുന്നു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട്ട് 30 പേരുടെയും കോഴിക്കോട്ട് ഏഴ് പേരുടെയും എറണാകുളത്ത് ആറ് പേരുടെയും കണ്ണൂരിൽ അഞ്ച് പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.
വിവിധ ജില്ലകളിലായി 1,029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേര് കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,81,482 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1,615 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,903 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 20,769 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 19,597 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.