ചെറുതോണി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
കോവിഡ് രോഗം ഗുരുതരമായുള്ള കാറ്റഗറി സി രോഗികളെ ചികിൽസിക്കുന്ന ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസിയു ബെഡുകളിൽ ഇനി രോഗികളെ പ്രവേശിപ്പിക്കണമെങ്കിൽ നിലവിൽ ചികിത്സയിൽ ഉള്ളവർക്ക് രോഗം ഭേദമായി ആശുപത്രി വിടണം.
കഴിഞ്ഞ വർഷത്തിൽനിന്നും വിഭിന്നമായി ഇത്തവണ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആനുപാതികമായി കാറ്റഗറി ബി, സി രോഗികളും കൂടുതലാണ്.
ഇവർക്ക് ഓക്സിജൻ അനിവാര്യമാണ്. ചിലർക്ക് ഐസിയുവിൽതന്നെ ചികിൽസ വേണ്ടവരാണ്. വെന്റിലേറ്റർ സൗകര്യങ്ങളും ഈ രണ്ടാശുപത്രികളിലും പരിമിതമാണ്.
ഈ സ്ഥിതി തുടർന്നാൽ ഗുരുതര രോഗമുള്ളവരെപോലും ചികിൽസിക്കാൻ ജില്ലയിൽ സാധിക്കാതെവരും.
എല്ലാ താലൂക്ക് ആശുപതികളിലും പ്രൈവറ്റ് ആശുപത്രികളിലും കോവിഡ് ഒപിയും നിരീക്ഷണ സംവിധാനങ്ങളും തുടങ്ങണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാറ്റഗറി ബി, സി രോഗികളെ ചികിൽസിക്കാൻ എല്ലാ താലൂക്ക് ആശുപതികളെയും സജ്ജമാക്കണം. മേജർ ആശുപത്രികളിൽ ആകെ നിലവിൽ അഞ്ച് ഫിസിഷ്യൻമാർ മാത്രമാണുള്ളത്.
അവർ ഇപ്പോൾതന്നെ മുഴുവൻ സമയവും കോവിഡ് ചികിത്സയിൽ വ്യാപൃതരാണ്. അതിനു പുറമെയാണ് സിഎസ്എൽടിസിയുടെ ചുമതലയും ഇ-സഞ്ജീവനി ചുമതലകളും വഹിക്കേണ്ടി വരുന്നത്.
ജില്ലയിൽ ഒഴിവുള്ള പോസ്റ്റുകളിലേക്കു അടിയന്തരമായി നിയമനം നടത്തുകയും കരാർ അടിസ്ഥാനത്തിൽ സ്പെഷലിസ്റ്റുകളെ നിയമിക്കുകയും ചെയ്യണം.
നിലവിലെ ഫസ്റ്റ് ലൈൻ സെന്ററുകളിൽ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരെയും പോസ്റ്റുചെയ്ത് ആവശ്യത്തിനുള്ള ഉപകരണങ്ങളും മോണിറ്റർ സംവിധാനവും തയാറാക്കിയാൽ കുറെയെങ്കിലും ആളുകൾക്ക് കോവിഡ് ആശുപത്രിയിൽ കിടക്ക ലഭ്യമാവുന്നതുവരെ ചികിത്സ നൽകാൻ സാധിക്കും.
രോഗികളുടെ ആശുപത്രി സേവനം കൈകാര്യംചെയ്യാൻ പ്രത്യേക സെൽ രൂപീകരിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റുമുള്ള ജനറൽ മെഡിസിൻ, ചെസ്റ്റ് മെഡിസിൻ ഡോക്ടർമാരെ അടിയന്തരമായി പുനർവിന്യസിക്കണം.
മോണിറ്ററിംഗ് വേണ്ട രോഗികൾ കൂടിവരുന്ന സ്ഥിതിക്ക് കൂടുതൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കണം. സ്വകാര്യ ആശുപത്രികളിലെ അന്പതു ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവെക്കണം.
അങ്ങനെയുള്ള ആശുപത്രകളിലെ ബെഡ് ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾക്ക് മനസിലാക്കാൻ ആവശ്യമായ സംവിധാനം ഒരുക്കണം.
മാസ് വാക്സിനേഷൻ സെന്ററുകളിൽ ജനത്തിരക്ക് ഉണ്ടാവുന്നത് നിയന്ത്രിക്കാൻ പോലീസ് സഹായം നൽകണം.
റിവേഴ്സ് ക്വാറന്ൈറൻവഴി കഴിഞ്ഞവർഷം ചെയ്തതുപോലെ പ്രായമായ രോഗികൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചുകൊടുക്കണമെന്നും അധികാരികൾ അടിയന്തിരമായി ഈ വിഷയങ്ങളിൽ ഇടപെടണമെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സാം വി. ജോണും സെക്രട്ടറി ഡോ. അജു ജോസും ആവശ്യപ്പെട്ടു.