ബ്രസൽസ്: ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് വാക്സിൻ ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങാനുള്ള നിർദേശത്തിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകാരം നൽകി.
യൂറോപ്യൻ യൂണിയനിലെ വാക്സിൻ ഉൽപാദനവും വിതരണവും വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
ജർമനിയിലെ മാർബർഗിൽ ബയോണ്‍ടെക്-ഫൈസർ വാക്സിനാണ് നിർമിക്കുക. നെതർലൻഡ്സിലെ ലീഡനിൽ അസ്ട്രസെനക്കയുടെ വാക്സിൻ നിർമിക്കും.
സ്വിറ്റ്സർലൻഡിലെ വിസ്പിൽ മോഡേണയുടെ വാക്സിൻ നിർമാണ പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.
ജർമനിയിലെ കോവിഡ് മൂന്നാം തരംഗം രണ്ടാമത്തേതിനെക്കാൾ വഷളാകാം
ബെർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാൾ വഷളാകാനിടയുണ്ടെന്ന് മുന്നറിയിപ്പ്.
ഏപ്രിലോടെ രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശേഷിയുടെ പരമാവധിയിലേക്ക് എത്തിപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ.
ദിവസം ഒരു ലക്ഷം കോവിഡ് കേസുകൾ എന്ന നില വരെ എത്താമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
രാജ്യത്ത് ഇതിനകം പത്തു ശതമാനം പേർക്കു മാത്രമാണ് വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളത്. അതിന്റെ ഫലത്തെ നിഷ്പ്രഭമാക്കുന്ന വേഗത്തിലാണ് വൈറസ് വ്യാപനം.
ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും ആശങ്ക നിലനിൽക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ