കണ്ണൂർ: കോവിഡ് ബാധയെന്ന സംശയത്താൽ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളിൽ വൻ വർധന. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ചുമ, ജലദോഷം, പനി തുടങ്ങിയവ ബാധിച്ച് ആശുപത്രിയിലെത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ ഈ രോഗങ്ങളുമായി എത്തുന്ന ആരേയും സാധാരണചികിത്സ നൽകി പറഞ്ഞയയ്ക്കാൻ സാധിക്കില്ലെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. അതിനാൽ രോഗികളെ എ, ബി, സി എന്നീ മൂന്നു കാറ്റഗറികളായി തിരിച്ചാണു ചികിത്സ നൽകുന്നത്.
ജലദോഷം, തുമ്മൽ തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്ന എ കാറ്റഗറിയിൽപ്പെടുന്ന രോഗികളോട് വീടുകളിൽ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കുവാനാണു നിർദേശിക്കുന്നത്. ഇവർക്കു കോവിഡ് പരിശോധന നടത്തില്ല.
പനി, ശ്വാസം മുട്ടൽ, പ്രമേഹം തുടങ്ങിയ മറ്റു രോഗങ്ങളുള്ളവരാണ് ബി കാറ്റഗറിയിൽപ്പെടുന്നത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
കൂടിയ പനിയും കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെടുന്ന വെന്റിലേറ്റർ സൗകര്യം അത്യാവശ്യമായ രോഗികളാണ് സി കാറ്റഗറിയിലുള്ളത്. ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.
സംശയിച്ചെത്തുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇവരെ പ്രത്യേകമായി പരിചരിക്കുന്നതിന് മെഡിക്കൽ കോളജിൽ പുതിയ ഒപി ആരംഭിക്കും. നിലവിലെ ഓര്‍ത്തോ-സര്‍ജറി ഒപി വിഭാഗങ്ങളിലെ ഒപി കാഷ്വാലിറ്റിയിലേക്കു മാറ്റി ഈ രണ്ടു വിഭാഗങ്ങളും കോവിഡ് ഒപിയായി പ്രവര്‍ത്തിപ്പിക്കാനാണു നീക്കം.
ഇതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നിലവിലെ സാഹചര്യങ്ങൾ മനസിലാക്കി ജനങ്ങൾ വീട്ടിൽത്തന്നെയിരുന്നു രോഗം വരാതെ നോക്കുന്നതാണു മികച്ച പ്രതിരോധമെന്നും സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നുമാണ് ഡോക്ടർമാരുടെ അഭ്യർഥന.