കാസർഗോഡ്: കോവിഡ് പരിശോധനക്ക് വിധേയമായവർ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പാലിക്കാതെ ഇറങ്ങി നടക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഇത്തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
സമ്പർക്കംമൂലമോ ഡോക്ടറുടെ നിർദേശാനുസരണമോ ടെസ്റ്റ് ചെയ്തവർ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈൻ പാലിക്കേണ്ടതാണ്.
കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും/ചികിത്സ തേടുകയും ചെയ്ത് 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തണം.
ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആയാലും വീണ്ടും ഏഴു ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനുശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ.
കോവിഡ് പ്രതിരോധത്തിന് ആയുർവേദവും
ജില്ലയിൽ ആയുഷ് വകുപ്പ് (ആയുർവേദം) മുഖാന്തരം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം.
കോവിഡ് പ്രതിരോധം, ഗുരുതരമല്ലാത്ത കോവിസ് രോഗികൾക്കുള്ള ചികിത്സ, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് ആയുർരക്ഷാ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനത്തിലും നടത്തുന്നുണ്ട്.
ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധത്തിന് സുസജ്ജമാണെന്ന് ഭാരതീയചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സ്റ്റെല്ല ഡേവിഡ് അറിയിച്ചു.
പ്രത്യേക പദ്ധതികൾ:
60 വയസിന് താഴെ പ്രായമുള്ളവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സ്വാസ്ഥ്യം പദ്ധതി, 60 വയസിന് മേൽ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായി സുഖായുഷ്യം, ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധത്തിനായി അമൃതം, കാറ്റഗറി എ കോവിഡ് രോഗികൾക്കായുള്ള ഭേഷജം, കോവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനർജനി പദ്ധതി എന്നിവയാണ് ആയുർ രക്ഷാക്ലിനിക്കുകൾ വഴി നടത്തുന്നത് ജില്ലയിൽ കാറ്റഗറി എ യിൽപ്പെട്ട കോവിഡ് രോഗികൾക്ക് (ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക്) ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നു. സംശയനിവാരണത്തിന് 04672 283277, 9495546171 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു
കോവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു.
ഇവരുടെ വിവരങ്ങൾ തൊഴിലാളികൾക്ക് നേരിട്ടോ അല്ലെങ്കിൽ തൊഴിലുടമ, താമസിക്കുന്ന കെട്ടിട ഉടമ എന്നിവർക്കോ നൽകാവുന്നതാണ്.
പേര്, വയസ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന/ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ (വാട്ട്സാപ്പ്), വാക്സിനേഷൻ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങൾ ആണ് നൽകേണ്ടത്.
അതിഥി തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇവർക്ക് കോവിഡ് ബോധവത്കരണസന്ദേശങ്ങൾ, പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്ന വേളയിൽ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ മൊബൈൽ നമ്പർ വഴി നൽകും.
കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ അതിഥിതൊഴിലാളികളുടെ വിവരങ്ങൾ 9946261737 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമായോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ, കാസർകോട്, മഞ്ചേശ്വരം താലൂക്കിലെ വിവരങ്ങൾ 9495744002 നമ്പറിലോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസ്-0499 4256950, കാഞ്ഞങ്ങാട് അസി. ലേബർ ഓഫീസ്-0467 2204602, കാസർകോട് അസി. ലേബർ ഓഫീസ്-0499 4257850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് തൊഴിലുടമകൾ, സന്നദ്ധ സംഘടകൾ തുടങ്ങിയവർ പൂർണ സഹകരണം നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ എം. കേശവൻ അറിയിച്ചു.
ബ്ലോക്ക്തല കോവിഡ് കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു
ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിലെ ആരോഗ്യ ബ്ലോക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ബ്ലോക്ക്തല കൺട്രോൾ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്നതിനായി നോഡൽ ഓഫീസർ, അസി. നോഡൽ ഓഫീസർ, കോ-ഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ ബ്ലോക്ക് പരിധിയിൽ വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട കോൺടാക്ട് ട്രെയ്സിംഗ്, ആംബുലൻസ് സേവനങ്ങൾ, കോൾ സെന്റർ മാനേജ്മെന്റ്, കോവിഡ് ആശുപത്രികൾ, സിഎഫ്എൽടിസികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള രോഗികളുടെ റഫറൽ സേവനങ്ങൾ, രോഗികൾക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കൺട്രോൾ സെല്ലിൽ നിന്ന് നൽകുന്ന സേവനങ്ങൾ.
മേൽ സേവനങ്ങൾക്കായി അതതു ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങൾക്ക് ബ്ലോക്ക് കൺട്രോൾ സെല്ലിലെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.