സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസിന് ക്വാട്ട !
ഒരു ദിവസം ഒരു പോലീസുകാരന് ശരാശരി 10 കേസുകളെങ്കിലും പിടികൂടണമെന്നാണ് നിര്‍ദേശം.
കോഴിക്കോട് സിറ്റിയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലേയും പോലീസുകാര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ (എ്സ്എച്ച്ഒ) ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്കി.
ഇതോടെ പൊതുഇടങ്ങളിലിറങ്ങുന്നവരെ പിന്തുടര്ന്ന് നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് പോലീസ്.
കോവിഡ് വ്യാപനം അതിരൂക്ഷമായ കോഴിക്കോട് കോവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയുന്നതില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
തുടര്‍ന്ന് എസ്എച്ച്ഒമാരോട് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശവും നല്കി.
ഇതേതുടര്‍ന്നാണ് പോലീസുകാര്‍ക്ക് ക്വാട്ട നിശ്ചയിച്ചത്. ഇന്നലെ കോഴിക്കോട് സിറ്റിയില്‍ മാസ്കിടാത്തതുമായി ബന്ധപ്പെട്ട് 404 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍ പ്രകാരം ഇതിനേക്കാള്‍ പതിന്മടങ്ങ് ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ മാസ്കിടാതെയാണ് പൊതുഇടങ്ങളില്‍ ചെലവഴിക്കുന്നത്.
പോലീസുകാര്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങിയാല്‍ കൂടുതല്‍ കേസുകള്‍ പിടികൂടാനാവും.
എന്നാല്‍ കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനുമിടിയിലാണ് കോവിഡ് കേസുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചത്.
ഇതിനെതിരേ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അതേസമയം ബോധവത്കരണത്തിനാണ് പോലീസ് മുന്‍ഗണന നല്‍കുന്നതെന്നാണ് ഡിജിപി പറയുന്നത്.