ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നതിനെതിരെ വിജിലൻസും രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ വിജിലൻസ് ഓഫീസിൽ നിന്നും ഇന്നലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കാർത്തികപ്പള്ളി താലൂക്കിലെ കനകക്കുന്ന്, കരീലകുളങ്ങര, പത്തിയൂർ എന്നിവിടങ്ങളിലെ 5 കടകളിലാണ് പരിശോധന നടത്തിയത്.
ഒരു ലിറ്റർ കുടിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചതിനും അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കിയതിനുമെതിരെ നടപടിയെടുത്തു. ഈ കടകളിലെ നിയമ ലംഘനങ്ങളിൽ തുടർ നടപടി സ്വീകരിക്കുന്നതിനായി കാർത്തികപ്പള്ളി താലൂക്ക് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിന്റെ നിർദ്ദേശ പ്രകാരം കാർത്തികപ്പള്ളി റേഷനിംഗ് ഇൻസ്പെക്ടർ സലീന, ആലപ്പുഴ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യുറോയിലെ പോലീസ് ഇൻസ്പെക്ടർ മാരായ രജീഷ് കുമാർ, രാജേഷ്, സബ് ഇൻസ്പെക്ടർമാരായ പീറ്റർ അലക്സാണ്ടർ,അജീഷ് കുമാർ, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.