കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഇതില്‍ 13 പേരാണ് എറണാകുളം ജില്ലക്കാര്‍.
കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ വീതവും പാലക്കാട്, ഉത്തര്‍പ്രദേശ്, ലക്ഷ്വദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ഒരോരുത്തരും രോഗം സ്ഥിരീകരിച്ച് കൊച്ചിയില്‍ ചികിത്സയിലുണ്ട്.
ഇതില്‍ 21 പേര് കളമശേരി മെഡിക്കല്‍ കോളജിലും നാലുപേര്‍ ഐഎന്‍എസ് സഞ്ജീവനിയിലുമാണു ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നാലുപേര്‍ക്കു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരും കൊച്ചിയിലാണു ചികിത്സയിലുള്ളത്.
കഴിഞ്ഞ 27ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 27ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
27ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് രണ്ടാമത്തെയാള്‍. ഇവരെ അന്നുതന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
17ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് മൂന്നാമത്തെയാള്‍. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം രാത്രി കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 80 വയസുള്ള തൃശൂര്‍ സ്വദേശിനിയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ നാലമത്തെയാള്‍. മുംബൈയില്‍നിന്നും വന്ന ഇവര്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കോവിഡ് ന്യൂമോണിയക്കു പുറമെ പ്രമേഹവും അണുബാധ മൂലം വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതും ചികിത്സ ദുഷ്കരമാക്കുന്നുണ്ട്.
കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐസിയുവില്‍ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാളും കോവിഡ് 19 നോഡല്‍ ഓഫീസറുമായ ഡോ. ഫത്താഹുദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശ്വസനസഹായി ഉപയോഗിച്ച് ചികിത്സ തുടരുകയാണ്.
ഇന്നലെ രാവിലെ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതിയും, ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമാകുന്നതും കണക്കിലെടുത്ത് ജീവന് രക്ഷാ ഔഷധമായി ടോസിലീസുമാബ് രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടുകൂടി നല്കാന് തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ആദ്യ ഡോസ് ടോസിലീസുമാബ് നല്കി. ഇതിന്റെ ഫലം വിലയിരുത്തി വരികയാണെന്ന് മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.
591 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി
കൊച്ചി: കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനൊപ്പം എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും കൂടുന്നു. ഇന്നലെമാത്രം 591 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 392 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8,274 ആയി.
23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ മൂന്നുപേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആറുപേരെയും സ്വകാര്യ ആശുപത്രികളില്‍ 14 പേരെയുമാണ് പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആയി. കളമശേരി മെഡിക്കല്‍ കോളജില്‍ 28 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഏഴുപേരും പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലില്‍ മൂന്നുപേരും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരും സ്വകാര്യ ആശുപത്രികളില്‍ 30 പേരുമാണുള്ളത്.
ജില്ലയില്‍നിന്നും 292 സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 210 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വയലൻസിന്റെ ഭാഗമായി ശേഖരിച്ചവയാണ്. ഇന്നലെ 98 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
ഇനി 497 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 23 കോവിഡ് കെയര്‍ സെന്ററുകളിലായി 721 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 248 പേര് പണം നല്കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.