കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവും. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ചമ്പക്കര മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്റെയും മരട് പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി നിരവധി പേര്‍ക്കെതിരേ നടപടിയെടുത്തു.
സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്ക് ധരിക്കാതെ എത്തിയതിന് 26 കേസുകളുമാണ് എടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച പരിശോധന രാവിലെ 8.30 വരെ നീണ്ടു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.
കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്ക് ഡിസിപി ജി.പൂങ്കുഴലിയും എത്തിയിരുന്നു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയും ഡിസിപിയും പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചാല്‍ ചമ്പക്കര മാര്‍ക്കറ്റ് താത്കാലികമായി അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൊച്ചി നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും നഗരസഭ സന്ദര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങള്ക്കെതിരേ നടപടിയുണ്ടാകുമെന്ന്് മേയര്‍ സൗമിനി ജെയിന് അറിയിച്ചു.
എആർ ക്യാന്പിലെ കാന്റീൻ അടച്ചു; 28 പോലീസുകാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം
തിരുവനന്തപുരം: എആർ ക്യാന്പിലെ പോലീസ് കാന്റീൻ അടച്ചു. മൂന്ന് ദിവസത്തേക്കാണ് കാന്റീൻ അടച്ചത്. എആർ ക്യാന്പും പരിസരവും അണുവിമുക്തമാക്കി. കോർപറേഷൻ അധികൃതരും ആരോഗ്യവിഭാഗവുമാണ് അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയത്.
രോഗവ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ നഗരത്തിൽ പകൽ സമയങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് ഡിസിപി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.
ജനങ്ങൾ വൈകുന്നേരങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം മാലിന്യ നിർമാർജനം, ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അതീവ ശ്രദ്ധ പുലർത്തുകയാണ്. പോലീസിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ ജനങ്ങൾ സ്വയം പാലിക്കാൻ തയാറാകണമെന്നും ഡിസിപി പറഞ്ഞു.
അതേസമയം ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച എആർ ക്യാന്പിലെ പോലീസുകാരനോടൊപ്പം സന്പർക്കം പുലർത്തിയിരുന്ന 28 പോലീസുകാരോട് ക്വാറന്റീനിൽ പോകാൻ സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ നിർദേശിച്ചു. ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും.
കോവിഡ് ബാധിച്ച പോലീസുകാരനോടൊപ്പം ഡ്യൂട്ടി നോക്കിയിരുന്ന ഒരു പോലീസുകാരനെ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഇദ്ദേഹത്തിന് കോവിഡ് പോസീറ്റീവ് കണ്ടെത്തി. ഇയാളെ ക്വാറൈൻനിൽ ആക്കി. ഈ പോലീസുകാരന്റെ സ്രവ പരിശോധനയും ഇന്ന് നടത്തും.