സ്വന്തം ലേഖകൻ
കൊല്ലം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്ക് കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയമലംഘകരെ പിടികൂടി താക്കീത് ചെയ്ത് വിടുന്ന സംവിധാനത്തിന് വിട. എല്ലാ കേസുകളിലും പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം.
പോലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. മാത്രമല്ല പരിശോധനകൾ കർശനമാക്കുകയും വേണം. കച്ചവട സ്ഥാപനങ്ങളിലും വസ്ത്രവ്യാപാര ശാലകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം എല്ലാ ദിവസവും പരിശോധന ഉണ്ടാകും. മാത്രമല്ല സ്പെഷൽ സ്ക്വാഡുകളുടെ മിന്നൽ പരിശോധനയും സമാന്തരമായി നടക്കും.
കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നു. കൂടുതൽ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കും. ഇവയിൽ 20 ശതമാനം സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരിക്കും. ഡെപ്യൂട്ടി കളക്ടർ, ഡെപ്യൂട്ടി ഡിഎംഒ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരായിക്കും നോഡൽ ഓഫീസർമാർ.
കോവിഡ് സംബന്ധിച്ച വിവര ശേഖരണത്തിൽ വീഴ്ച വന്നതായും വിലയിരുത്തലുണ്ട്. വിവര ശേഖരണം സർക്കാർ നിഷ്കർഷിക്കുന്ന രീതിയിൽ സൂക്ഷ്മവും കൃത്യതയുമുള്ളതാക്കാൻ അടിയന്തിര നടപടിക്കും നിർദേശം നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ആയിരിക്കും ഇതിന്റെ ചുമതല.
വാർഡ് മെന്പർ ചെയർമാനായ വാർഡുതല മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം ശക്തിപ്പെടുത്താൻ ആവശ്യമായ കർശന നിർദേശം ആരോഗ്യ കേന്ദ്രങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയുംബന്ധപ്പെട്ട ജീവനക്കാർക്ക് നൽകാനും തീരുമാനിച്ചു.
ജില്ലയിൽ കോവിഡ് പോസീറ്റീവ് ആകുന്ന വയോജനങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന രീതിയിൽ വർധിക്കുകയാണ്. ഇത് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
ഈ സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റയിൻ ശക്തിപ്പെടുത്തുന്നതിന് ഊർജിത നടപടികളും സ്വീകരിക്കാൻ തീരുമാനിച്ചു. വയോജനങ്ങൾ അത്യാവശ്യത്തിന് അല്ലാതെ പൊതു ഇടങ്ങളിൽ ഇടപഴകുന്നത് നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സാമൂഹിക നീതി വകുപ്പ്, പോലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരാണ് ഈ വിഷയത്തിൽ വേണ്ട ജാഗ്രത പാലിക്കേണ്ടതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ പ്രവർത്തിയെടുക്കുന്ന തൊഴിലാളികളിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ കർശനമായ ശാരീരിക അകലവും മറ്റ് കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും കളക്ടർ നിർദേശം നൽകി. എംജിഎൻആർഇസ് ജോയിന്റ് പ്രോഗ്രോം കോർഡിനേറ്റർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല നൽകിയിട്ടുള്ളത്.