എസ്.ആർ.സുധീർകുമാർ
കൊല്ലം: ആരോഗ്യ പ്രവർത്തകയ്ക്ക് അടക്കം ഇന്നലെ മൂന്ന് പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ല അക്ഷരാർഥത്തിൽ അങ്കലാപ്പിലായി.
കുളത്തൂപ്പുഴയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ അമ്പലക്കടവ് സ്വദേശി 59-കാരൻ, ഷാർജയിൽ നിന്ന് നാട്ടിലെത്തിയ ശാസ്താംകോട്ട സ്വദേശി ഏഴു വയസുകാരി, ചാത്തന്നൂരിലെ ആശാ വർക്കർ മീനാട് സ്വദേശി 47-കാരി എന്നിവർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.
ആശാ വർക്കർക്ക് എവിടുന്നാണ് രോഗ പകർച്ച ഉണ്ടായതെന്ന് വ്യക്തമല്ല. ഏഴു വയസുകാരിയുടെ മാതാവും ഷാർജയിൽ നിന്ന് വന്നതാണ്. ഇവരുടെ സ്രവ പരിശോധനാ ഫലം വന്നിട്ടില്ല.
അമ്മയും മകളും നാട്ടിൽ എത്തിയിട്ട് 38 ദിവസമായി. കണ്ണനല്ലൂരിലെ കുടുംബ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇത് പൂർത്തിയാക്കിയ ശേഷമാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിലേയ്ക്ക് പോയത്.
മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.
ജില്ലയിൽ 1571 പേരാണ് ആകെ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 1536 പേരും വീടുകളിലാണ്. 104 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവായി. പുതുതായി ഇന്നലെ 157 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ആശുപത്രികളിൽ 25 പേരെ കൂടി പ്രവേശിപ്പിച്ചു. ആകെ 35 പേരാണ് ആശുപത്രികളിൽ ഉള്ളത്.
1334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1317 ഫലങ്ങൾ വന്നതിൽ 1298 എണ്ണവും നെഗറ്റീവ് ആണ്. ഏഴ് സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ആരോഗ്യ പ്രവർത്തകർ 9885 വീടുകളിൽ സന്ദർശനം നടത്തി. ഇന്നലെ മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലക്കാരായ രോഗബാധിതരുടെ എണ്ണം 14 ആയി.
ലോക്-ഡൗണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സമൂഹ വ്യാപനം തടയുന്നതിനായി കർശന പരിശോധനകളും നിയന്ത്രണങ്ങളുമായി കൊല്ലം സിറ്റി പോലീസ്.
നിബന്ധനകൾ ലംഘിച്ച് വാഹനങ്ങളിലും മറ്റും യാത്ര ചെയ്തതിന് ഇന്നലെ കൊല്ലം സിറ്റി പരിധിയിൽ 323 കേസുകൾ രജിസ്റ്റർ ചെയ്ത് 329 പേരെ അറസ്റ്റ് ചെയ്യുകയും 268 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് 24 മുതൽ ഏപ്രിൽ 24 വരെ കൊല്ലം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 9613 കേസുകൾ രജിസ്റ്റർ ചെയ്യുകയും 9941 പേരെ അറസ്റ്റ് ചെയ്യുകയും 8051 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും കർശനമായി തടയുന്നതിനായി നടത്തിയ പരിശോനകൾക്കിടെ കൊല്ലം ഉളിയക്കോവിൽ മുനിസിപ്പൽ കോളനിയിൽ വിജയ് (18) ന്റെ വീട്ടിൽ നട്ടു വളർത്തിയിരുന്ന അഞ്ച് കഞ്ചാവ് ചെടികൾ കൊല്ലം ഈസ്റ്റ് പോലീസ് കണ്ടെത്തി. ഇയാളെയും ബന്ധുവായ ചേർത്തല വടക്ക് പുത്തൻകുളങ്ങര നെടുംചിറ വീട്ടിൽ കരുണ്(27) നെയും അറസ്റ്റ് ചെയ്തു.
എസ്ഐമാരായ ബിജു, ശിവദാസൻ, ജിഎസ്ഐമാരായ ജയലാൽ, രാധാകൃഷ്ണപിള്ള സിപിഒ ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പള്ളിമുക്കിൽ നിബന്ധനകൾ ലംഘിച്ച് ജ്യൂസ് കട തുറന്ന് പ്രവർത്തിപ്പിച്ചതിന് മുണ്ടയ്ക്കൽ വില്ലേജിൽ മനക്കലഴികം വീട്ടിൽ ഷംനാദിനെതിരെ ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് മരണാനന്തര ചടങ്ങിന് പോയ സ്ത്രീകൾ ഉൾപ്പെടെ 13 പേർ സഞ്ചരിച്ച ആംബുലൻസ് ജില്ലാ അതിർത്തിയായ കാപ്പിൽ വച്ച് പരവൂർ പോലീസ് പിടിച്ചെടുത്തു ഡ്രൈവറായ കൊല്ലം പുള്ളിക്കട പുതുവൽ പുരയിടത്തിൽ ചിക്കു (30) വിനെ അറസ്റ്റ് ചെയ്തു.
ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലും സാമൂഹ്യ സുരക്ഷ ഉറപ്പ് വരത്തുന്നതിന് പൊതുജനങ്ങൾ സാമൂഹ്യഅകലം പാലിച്ച് നിബന്ധനകൾ കർശനമായി പാലിക്കേണ്ട താണെന്നും അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി അറിയിച്ചു.