കോട്ടയം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്തും ഇന്ന് കോവിഡ് സ്ഥീരികരിച്ചത് ആശങ്ക ഉണർത്തിയിരുന്നു. എന്നാൽ കോട്ടയത്ത് എത്താത്ത പാലാ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിൽ വന്നിറങ്ങിയ പാലാ സ്വദേശികളായ ദമ്പതികളിലൊരാൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരോട് ഡൽഹിയിൽ ക്വറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നു.
എന്നാൽ നിർദേശം അവഗണിച്ച് ഇവർ ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്ന് കാർ മാർഗം കേരളത്തിലേക്ക് വരവേ കമ്പംമേട് വച്ച് പോലീസ് പിടികൂടി.
ഇതേത്തുടർന്നു നെടുങ്കണ്ടം കരുണ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് വന്നത്.
ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവരുടെ പാസ്പോർട്ട് അഡ്രസ് പാലായിലെ ആയതിനാൽ കണക്കുപ്രകാരം കോട്ടയം എന്ന് ചേർക്കുകയായിരുന്നു.
ദമ്പതികളുടെ സൗകര്യരാർഥം തുടർചികിത്സ കോട്ടയം മെഡിക്കൽ കോളജിൽ നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.