
കോട്ടയം: കോവിഡ് പ്രതിരോധ നിർദേശം ലംഘിച്ചു ബംഗളൂരുവിൽ നിന്ന് കോട്ടയത്ത് എത്തിയ രണ്ടു യുവാക്കൾക്കെതിരെയും ബസ് ഡ്രൈവർക്കെതിരെയും കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുമളി ചെക് പോസ്റ്റിൽനിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20), എറണാകുളം മരട് സ്വദേശിയായ ബസ് ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്നു കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലക്കാരായ 25 പേരെയാണ് സ്വകാര്യ ബസിൽ ജില്ലയിലേക്കു കൊണ്ടു വന്നത്. ഇവരുടെ പക്കൽ നിയമാനുസൃതമായ പാസുമുണ്ടായിരുന്നു.
കേരള അതിർത്തിയിൽ കുമളിയിൽ ഇവരെ പരിശോധിച്ചശേഷം ക്വാറന്റയിൻ നിർദേശിച്ചാണ് അതിർത്തിയിൽനിന്ന് അയച്ചത്. ഇവരെ നിർദേശിച്ച സ്ഥലങ്ങളിൽ എത്തിക്കാതെ ബസുകാർ വഴിയിൽ ഇറക്കിവിടുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവർ ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പോലീസ് ചീഫിന്റെ കാര്യാലയത്തിലും എത്തി.
തുടർന്നു പോലീസ് ഉദ്യോഗസ്ഥർ വിശദ വിവരങ്ങൾ അന്വേഷിച്ചപ്പോൾ കർണാടകത്തിൽനിന്ന് എത്തിയതാണെന്നറിഞ്ഞതോടെ ഇരുവരെയും ഉടൻതന്നെ അതിരന്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ ഇറക്കിയ ബസ് പിറവത്ത് എത്തിയതായി കണ്ടെത്തി.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ആളുകളെ സർക്കാർ നിർദേശിക്കുന്ന ക്വാറന്റയിൻ കേന്ദ്രങ്ങളിലേക്കു മാറ്റുകയോ വീടുകളിൽ ക്വാറന്റയിൻ സൗകര്യമുണ്ടെങ്കിൽ അവിടെയോ എത്തിക്കണം. ഇതെല്ലാം ലംഘിച്ചാണ് സ്വകാര്യ ബസ് യുവാക്കളെ നടുറോഡിൽ ഇറക്കി വിട്ടത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി രംഗത്തെത്തി. കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത അടിസ്ഥാനമാണെന്ന് കെപിസിസി അറിയിച്ചു. ഇന്നലെത്തെ സംഭവത്തിൽ കെപിസിസിക്കോ കർണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിക്കോ ബന്ധമില്ല.
കർണാടകത്തിലെ മലയാളി സമാജം കേരള അതിർത്തിവരെ എത്തിച്ച മൂന്നു ബസുകൾക്ക് കർണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ധനസഹായം ചെയ്തിരുന്നു. ഈ ബസുകളിൽ എത്തിയ 73 പേർ വീടുകൾ എത്തിച്ചേർന്നിട്ടുണ്ട്.
ഇത്തരം വണ്ടികളിൽ എത്തുന്നവർ കേരളത്തിന്റെ അതിർത്തിയിൽ നിന്ന് അവരവർ ഏർപ്പെടുന്ന വണ്ടിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് സ്വന്തം ജില്ലകളിലേക്ക് അവർ യാത്ര ചെയ്യേണ്ടതെന്നും കെപിസിസി വിശദീകരിച്ചു.