തുറവൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഴവർഗങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ആക്ഷേപം. പല ഭക്ഷ്യ സാധനങ്ങൾക്കും വിപണി വിലയേക്കാൾ ഇരട്ടിയിലധികം വില ഈടാക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു.
പഴം, പച്ചക്കറി വിപണികളിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. കർക്കിടക വാവ് പ്രമാണിച്ച് ഇക്കുറി പൊതുവായി ബലിതർപ്പണച്ചടങ്ങുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗ്രാമീണ മേഖലകളിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാണ് ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. മേഖലയിലെ പൊതുമാർക്കറ്റുകളിൽ പലതും അടഞ്ഞു കിടക്കുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്.
എന്നാൽ നിശ്ചിത സമയം മാത്രം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനാൽ വലിയ ജനത്തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പോലീസ് നിയന്ത്രണങ്ങൾ റോഡിൽ മാത്രമാകുന്നതിനാൽ കച്ചവടസ്ഥലങ്ങളിലേക്ക് പോലീസിന്റെ ശ്രദ്ധ പതിയുന്നില്ലെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം പല നിത്യോപയോഗ സാധനങ്ങൾക്കും കടകളിൽ ദൗർലഭ്യം നേരിടുന്നതായും ജനങ്ങൾ പറയുന്നു.