തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ബുധനാഴ്ച ആർക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോട്ടയത്ത് ആറ് പേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തരായത്.
502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 30 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 14,670 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
34,599 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 34,603 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് പരിശോധന നടത്തിയത് 1,104 സാമ്പിളുകളാണ്.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ മാത്രമാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. എട്ട് ജില്ലകൾ കോവിഡ് മുക്തമായി. പുതിയ ഹോട്ട്സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻഗണനാ ഗ്രൂപ്പിലെ 2,947 സാമ്പിളുകൾ ശേഖരിച്ചതിൽ 2,147 എണ്ണം നെഗറ്റീവായി. കണ്ണൂരിൽ 18 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.