തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതിനിടെ മാസ് ടെസ്റ്റിന് സർക്കാർ തീരുമാനിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തും.
രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതൽ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ബുധനാഴ്ച സംസ്ഥാനത്ത് 8,778 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയർന്നിരുന്നു. 13.45 ശതമാനമാണ് വ്യാഴാഴ്ചയുണ്ടായത്.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ രോഗികൾ 1,000 കടക്കുകയും ചെയ്തു.
രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചിരുന്നു. ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റില്ല.
നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ ചടങ്ങിൽ പങ്കാളിത്തം 100 പേരാക്കി ചുരുക്കി. കടകൾ രാത്രി ഒൻപതിന് ശേഷം തുറക്കാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളും നടപ്പാക്കിത്തുടങ്ങി.