കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ആശുപത്രികളിലെ റൂമുകളിലെയും സ്യൂട്ടുകളിലെയും നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരേ ഹൈക്കോടതിയുടെ വിമർശനം.
ഇക്കാര്യത്തിൽ ഹൈക്കോടതി നേരത്തേ നൽകിയ വിധിയെ റദ്ദാക്കുന്ന വിധത്തിലുള്ളതാണു പുതിയ ഉത്തരവെന്നു ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് അടുത്ത തരംഗത്തിനായി കാത്തുനിൽക്കുന്പോൾ ഇത്തരമൊരു ഉത്തരവ് ദൗർഭാഗ്യകരമായിപ്പോയി.
സ്വകാര്യ ആശുപത്രികള്‍ നിരക്കു കൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയപ്പോള് സർക്കാർ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തി ചെറിയതോതില്‍ നിരക്ക് കൂട്ടുമെന്നാണ് കരുതിയത്.
റൂമുകളെ പൂർണമായി ഒഴിവാക്കുമെന്നു കരുതിയില്ലെന്നും കോടതി പറഞ്ഞു.
കോവിഡിന് വിഐപിയെന്നോ സാധാരണക്കാരനെന്നോ ഇല്ല. പണത്തിനു കോവിഡില്‍നിന്ന് ആളുകളെ രക്ഷിക്കാനുമാകില്ല. ഓക്സിജന്‍ 46,000 രൂപയും കഞ്ഞിക്ക് 1,300 രൂപയും ഈടാക്കിയത് ഓര്‍ക്കുന്നില്ലേ എന്നും കോടതി ചോദിച്ചു.
നിരക്കുകളുടെ കാര്യത്തിൽ നേരത്തേ ഹൈക്കോടതി ഇടപെട്ടശേഷം ഇത്തരം പരാതികള്‍ പിന്നീടുണ്ടായില്ല.
സ്കൂളുകള്‍ തുറന്നതോടെ കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയാണ്. ഇതിനിടെ രോഗബാധകൂടിയുണ്ടായാല് എന്തു ചെയ്യും.
ഈ സമയത്ത് കുറേക്കൂടി മികച്ച നടപടിയാണു വേണ്ടത്. സാധാരണക്കാർക്ക് അഭയമാകാനാണു കോടതി ഇടപെട്ടത്. സ്വകാര്യ ആശുപത്രികളുടെ കാര്യവും കോടതിയുടെ പരിഗണനയിലുണ്ടെന്നും അവയും പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.