ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 1,761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയർന്നു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി.
ദിവസേനയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി.
തലസ്ഥാനമായ ഡൽഹിയിൽ പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഡൽഹിയിൽ വാരാന്ത്യ ക ർഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയിൽ മേയ് ഒന്നു വരെ കർഫ്യൂ അടക്കം കർശന നിയന്ത്രണം തുടരും.
മുംബൈ, ഡൽഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളെക്കൊണ്ടും മോർച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങൾ കൊണ്ടും നിറഞ്ഞു.
മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററും മരുന്നുകളും മുതൽ കോവിഡ് രോഗികൾക്കുള്ള ചികിത്സാസൗകര്യങ്ങൾക്കും പ്രതിരോധ വാക്സിനും വരെ ക്ഷാമം തുടർന്നു.
ഡൽഹിയിലും മുംബൈയിലും നേരത്തേ പ്രവർത്തനം നിർത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.
രാത്രി 9നു ശേഷം പുറത്തിറങ്ങരുതെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ രാത്രി ഒൻപത് മണിക്ക് ശേഷം പുറത്തേക്ക് പോകരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ .
അത്യാവശ്യ ആശുപത്രി കാര്യങ്ങൾക്കല്ലാതെ ആരും പുറത്തേക്ക് പോകരുത്. റംസാൻ നോന്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇളവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെയും സർക്കാരിന്റെയും നിർദേശത്തോട് ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് ട്രാൻസ്പോർട്ടിൽ യാത്ര ചെയ്യുന്നവരും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കർശന നിയമനടപടി നേരിടേണ്ടിവരും. ജനങ്ങൾ സ്വമേധയാ നിയന്ത്രണങ്ങൾ പാലിക്കണം.
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതും ജനക്കൂട്ടം കുടുന്നതും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോർ കമ്മിറ്റി യോഗത്തിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് മുതൽ പോലീസിന്റെ പരിശോധന കർശനമായി നടപ്പാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.