ഭോപ്പാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച ഏഴു പേരിൽ രണ്ട് പേർ മരിച്ചു.
ഇവര്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണ്.
വാക്സിന്റെ ആദ്യ ഡോസോ രണ്ടാം ഡോസോ ഇവർ എടുത്തിരുന്നു. ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹോം ഐസോലേഷനിൽ കഴിയുകയാണെന്നുമാണ് റിപ്പോർട്ട്.
അതേസമയം, പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണ് മറ്റ് രണ്ട് പേർ. ഇതില്‍ ഒരാള്‍ 22 വയസുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസുള്ള കുഞ്ഞുമാണ്. ഇവർക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
രോഗം സ്ഥിരീകരിച്ച മൂന്നു പേരും ഭോപ്പാലിൽ നിന്നും രണ്ട് പേർ ഉജ്ജനിയിൽ നിന്നുമാണ്. റെയ്സെൻ, അശോക് നഗർ ജില്ലകളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ.
കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർക്ക് ജൂണിലാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നത്.