അമ്പലപ്പുഴ: ലാബുകളിൽ കോവിഡ് പരിശോധനാഫലം മാറിമറിയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള ലാബുകളിൽനിന്നുള്ള പരിശോധനാ ഫലങ്ങൾക്കാണ് സ്ഥിരതയില്ലാത്തത്.
കഴിഞ്ഞദിവസം കാക്കാഴം താഴ്ചയിൽ അലിയാ മൻസിൽ അലി ഹസൻ നിസാർ വിദേശത്തു പോകുന്നതിനായി കോവിഡ് പരിശോധനയ്ക്കായി ആശുപത്രിക്കു സമീപമുള്ള ലാബിൽ സാമ്പിൾ നൽകി.
പരിശോധനാ ഫലം പോസിറ്റീവായതോടെ വിമാന ടിക്കറ്റ് റദ്ദാക്കിയതിനെത്തുടർന്ന് ഇദ്ദേഹത്തിന് 6500 രൂപയുടെ നഷ്ടമുണ്ടായി.
ഈ പരിശോധനാ ഫലത്തിൽ സംശയമുണ്ടായതിനെതുടർന്ന് സമീപത്തെ മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി.
ഇതേ അനുഭവം നിരവധി പേർക്കുണ്ടായി. ഒരു ലാബിൽത്തന്നെ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ടു വ്യത്യസ്ത ഫലങ്ങളും ലഭിച്ചിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ പരിശോധനാ ഫലം മാറിമറിയുന്നത്.
പരിചയ സമ്പന്നരല്ലാത്ത ജീവനക്കാർ ഇത് കൈകാര്യം ചെയ്യുന്നതാണ് പരിശോധനയ്ക്കെത്തുന്നവരെ കുഴപ്പിക്കുന്നത്.
ഇതു പരിശോധിക്കാൻ ആരോഗ്യവകുപ്പോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറാകാത്തത് പൊതുജനത്തെ വലച്ചിരിക്കുകയാണ്.