മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് അറുപത്തിമൂന്നുകാരി മരിച്ചു.
ഇതോടെ സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. ജൂലൈ 27നാണ് മുംബൈ ഘാട്കോപ്പർ സ്വദേശിനി മരിച്ചത്.
ഓഗസ്റ്റ് 11നാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. രണ്ടു ഡോസ് കോവിഷീൽഡ് വാക്സിനും ഇവർ സ്വീകരിച്ചിരുന്നു.
എന്നാൽ, ജൂലൈ 21നു പോസിറ്റീവായി. വരണ്ട ചുമ, രുചിയില്ലായ്മ, ശരീരവേദന, തലവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ.
മരിച്ച സ്ത്രീയുടെ ആറു ബന്ധുക്കൾ കോവിഡ് പോസിറ്റീവായി. ഇതിൽ രണ്ടു പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു.
അതേസമയം ആശങ്കയ്ക്കു വകയില്ലെന്നും രോഗിയുടെ സന്പർക്കപട്ടികയിലെ മുഴുവൻ ആളുകളെയും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
രോഗം ബാധിച്ച 20 പേരെ തിരിച്ചറിഞ്ഞതായി തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തേ എൺപതുകാരിയും അറുപത്തിയൊന്പതുകാരനും ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു മരിച്ചിരുന്നു.
ബുധനാഴ്ച മഹാരാഷ്ട്രയിൽ 20 പുതിയ ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചു. ആകെ രോഗികൾ 65 ആയി.