സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കൗണ്‍സിലിംഗ് സെന്ററുകളിലേക്കുള്ള കോളുകൾ കുറയുന്നു. ജനങ്ങൾക്ക് കോവിൽ സംബന്ധിച്ച് ഭീതിയും ആശങ്കയും ഒഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്.
കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ കൊവിഡ് ബാധിതരും അല്ലാത്തവരുമായ ആയിരക്കണക്കിനാളുകളാണ് കോവിഡ് കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ദിവസേന വിളിച്ചിരുന്നത്.
കൂടാതെ കോവിഡ് പോസിറ്റീവ് ആയവരെ കൗണ്‍സിലിംഗ് സെൻസറുകളിൽ നിന്ന് വിളിച്ച് അവർക്ക് ആവശ്യമായ കൗണ്‍സിലിംഗ് നൽകി ഭീതിയും ആശങ്കയും മാറ്റാൻ നടപടിയെടുത്തിരുന്നു.
തെരഞ്ഞെടുത്ത സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഇത്തരം കൗണ്‍സിലിംഗ് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തിരുന്നു .
നിരവധി പേർക്ക് ഇത്തരത്തിൽ കോവിഡിന്റെ രണ്ടു തരംഗങ്ങളിലും ആവശ്യമായ മാനസിക പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകിയിരുന്നു.
എന്നാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ പൊതുവേ ജനങ്ങൾക്ക് ഈ മഹാമാരി യോടുള്ള ഭീതിയും ആശങ്കയും കുറഞ്ഞിരിക്കുന്നു എന്നാണ് കോൾ സെന്ററുകളിലേക്കുള്ള കോളുകളുടെ എണ്ണം കുറഞ്ഞത് സൂചിപ്പിക്കുന്നത് .
പോസിറ്റീവ് ആയവരെ അങ്ങോട്ട് വിളിച്ച് സംസാരിക്കുന്പോഴും അവർ മിക്കവരും പേടിയില്ലാതെയാണ് രോഗത്തെ നേരിടുന്നതെന്ന് കൗണ്‍സിലിംഗ് നടത്തുന്നവർ പറയുന്നു.
പേടിയും ആശങ്കയും മാറുന്നത് നല്ലതാണെങ്കിലും ജാഗ്രത കൈവിടരുത് എന്ന് കൗണ്‍സിലിംഗ് നടത്തുന്നവർ ഇവരെ ഓർമ്മിപ്പിക്കുന്നുണ്ട്.
സമൂഹത്തിലെ ഒട്ടുമിക്ക പേർക്കും രോഗം വന്ന പശ്ചാത്തലത്തിൽ ലോകത്തെക്കുറിച്ചുള്ള ആശങ്കയും ഭീതിയും വിട്ടൊഴിഞ്ഞു എന്നാണ് വിലയിരുത്തുന്നത്.
ഇരുവരെയും രോഗബാധിതരാകാത്തവർ മൂന്നാം തരംഗത്തിൽ ആശങ്കയും ഭീതിയും ഉള്ളവരാണെന്നും വരുന്ന കോളുകൾ സൂചിപ്പിക്കുന്നു.
രണ്ടാം തരംഗത്തിന്റെ അവസാനമായപ്പോഴേക്കും കോളുകളുടെ എണ്ണം നന്നേ കുറവായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മൂന്നാം തരംഗത്തിൽ രോഗവ്യാപനം വർദ്ധിച്ചതോടെ കൗണ്‍സിലിംഗ് സെന്ററുകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്..
പൊതുജനങ്ങൾക്ക് കോ വിഡ് കാലത്തെ മാനസികപിരിമുറുക്കം സംബന്ധിച്ച ആശങ്കകളും ഭീതികളും ഒഴിവാക്കാൻ കൗണ്‍സിലിംഗ് സേവനങ്ങൾക്കായി വിളിക്കാവുന്ന ഫോണ്‍ നന്പറുകൾ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ സൂപ്പർഹിറ്റ് സിനിമയായ ബ്രോ ഡാഡിയിലെ രസകരമായ ഒരു രംഗത്തിന്റെ അകന്പടിയോടെയാണ് കൗണ്‍സലിംഗ് കോൾ സെൻസറുകളുടെ പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. എന്തുതന്നെയായാലും കോവിഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ ഉണ്ടായിരുന്ന മാനസികസംഘർഷങ്ങളും രീതിയും ആശങ്കകളും എല്ലാം ജനങ്ങളിൽ നിന്ന് വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
അപ്പോഴും ആരോഗ്യപ്രവർത്തകരും കൗണ്‍സിലിംഗ് നടത്തുന്നവരും ഒരു കാര്യം ഓർമിപ്പിക്കുന്നു… ഭയവും ആശങ്കയും മാറുന്നത് നല്ലത്.. പക്ഷേ ഒരുകാലത്തും ജാഗ്രത കൈവിടരുത്.