സെബി മാത്യു
ന്യൂഡൽഹി: പുതുവർഷത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കൈയിലെത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ വിതരണത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞു.
വാക്സിൻ വിതരണത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് രാജ്യമെന്നും എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി രണ്ടു മുതൽ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിനുള്ള ഡ്രൈ റണ്‍ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഡമ്മി കോവിഡ് വാക്സിൻ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ നടത്തുന്ന ഡ്രൈ റണ്‍ വാക്സിനേഷന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികൾ എന്തൊക്കെയാണെന്നും പരിശോധിക്കാനാണു നടത്തുന്നത്.
ഇതിന് മുൻപ് ഡ്രൈ റണ്‍ നടത്തിയ നാല് സംസ്ഥാനങ്ങളിലും നടപടികൾ തൃപ്തികരമായിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മഹാരാഷ്ട്രയിലും കേരളത്തിലും പ്രധാനപ്പെട്ട നഗരങ്ങളിൽക്കൂടി ഡ്രൈ റണ്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതുവർഷത്തിൽ മരുന്ന് എത്തുമെന്ന പ്രതീക്ഷയാണ് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയും പങ്കുവച്ചത്.
കേവിഡ് വാക്സിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വാർത്താമാധ്യമങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ, സാമൂഹിക മാധ്യമങ്ങളിൽ സ്വാധീനമുള്ളവർ, ഗ്രാമസഭ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പിടിഎ, സ്കൗട്ട്, എൻഎസ്എസ്, ഗൈഡ്സ്, റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയവരെ ഉൾപ്പെടുത്തും.
വാക്സിനുമായി ബന്ധപ്പെട്ട വാർത്തകളുടേയും വിവരങ്ങളുടേയും വസ്തുത പരിശോധനയ്ക്കായി നാഷണൽ മീഡിയ റാപ്പിഡ് റെസ്പോണ്‍സ് സെൽ രൂപീകരിച്ചതായും കോവിഡ് വാക്സിൻ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ 88 പേജുള്ള മാർഗനിർദേശത്തിൽ പറയുന്നു.
ഫൈസർ, ഓക്സ്ഫഡ് ആസ്ട്ര സെനേക് വാക്സിൻ, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ മൂന്ന് മരുന്നുകൾക്ക് അടിയന്തര അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ കീഴിലുള്ള വിദഗ്ധ സമിതി ഇന്നു യോഗം ചേരുന്നുണ്ട്.