സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഒരു മാസമായി കേരളത്തിൽ കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നതിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിലും കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്.
കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെ ക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേസുകൾ വർധിക്കുന്നത് കൂടുതൽ ഗൗരവമേറിയ മുൻകരുതൽ നടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ഇനി വരുന്ന ദിവസങ്ങളിൽ രാജ്യത്ത് പലയിടത്തും ആഘോഷവേളകളിൽ ജനങ്ങൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ കോവിഡ് വ്യാപിക്കുന്നതിനു കാരണമായേക്കാം.
മതിയായ രോഗപരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും രോഗനിർണയം കൂടുതലായുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം.
കോവിഡ് നിയന്ത്രണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗരേഖ എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം.
കോവിഡുമായി സാദൃശ്യമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക ആരോഗ്യവകുപ്പ് തയാറാക്കണം.
രോഗബാധിതരെന്നു സംശയിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കണം.
മാർക്കറ്റുകൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, സ്കൂൾ, കോളജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും സെപ്റ്റംബർ 30 വരെ സൗജന്യ കരുതൽ വാക്സിൻ നൽകുന്നത് വേഗത്തിലാക്കണം.
കോവിഡ് പ്രതിരോധത്തിനുള്ള അഞ്ചിന മാർഗനിർദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ ആവേശത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തിൽ പറയുന്നു.
കേരളത്തിന് പുറമേ ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.