ലക്നോ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിത്ഥാർഥ്നഗറിലെ ഷൊഹ്രാത്ഗഡ് സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 25 ന് ആണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28 ാം തീയതി ഇദ്ദേഹം മരിച്ചു.
കോവിഡ് നിബന്ധനകൾ പാലിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾ കൈമാറിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
എന്നാൽ ബന്ധുക്കൾ പ്രേംനാഥിന്റെ മൃതദേഹം പാലത്തിൽനിന്നും നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദമായത്.
പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ മറ്റൊരാളുടെ സഹായത്തോടെ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പുഴയിലേക്കെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്.
നേരത്തേ കോവിഡ് ബാധിതരുടേത് ഉൾപ്പെടെ നൂറു കണക്കിന് മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഒഴുക്കിവിട്ട സംഭവം രാജ്യത്തിന് തന്നെ വൻ നാണക്കേടാണ് വരുത്തിയത്.
ഇതോടെ മൃതദേഹങ്ങള്‍ നദികളിലേക്ക് ഒഴുക്കിവിടരുതെന്ന് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.