അന്പലപ്പുഴ: ആംബുലൻസ് വരാൻ വൈകുമെന്നകാരണത്താൽ കോവിഡ് രോഗിയെ വോളന്റിയർമാർ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിനു തൊട്ടടുത്ത ദിവസംആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം കോവിഡ് രോഗിയുടെ ദാരുണാന്ത്യം.
കരൂർ വെള്ളാഞ്ഞിലി സുരേഷ് ഭവനം സന്തോഷാ(48)ണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം മരിക്കാനിടയായത്.
ഇതേ നാട്ടുകാരനായ സുബി(48)ന്റെ ജീവനാണ് പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്ററിലെ സന്നദ്ധപ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും ചേർന്ന് ബൈക്കിലിരുത്തി സഹകരണ ആശുപത്രിയിലെത്തിച്ചത്.
ഇരുവരുടെയും സമയോചിത ഇടപെടലാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്.
മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവരും വൈറലാകുന്നതിനിടെയാണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിക്കാനിടയായത്.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ സന്തോഷിനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പുറക്കാട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ബന്ധുക്കളെ അറിയിച്ചു.
മെഡിക്കൽ ഓഫീസർ കണ്ട്രോൾ റൂമിൽ വിളിച്ചതനുസരിച്ച് ഓക്സിജൻ സംവിധാനമുള്ള ആംബുലൻസ് എത്തിയെങ്കിലും വീട്ടിൽനിന്നും 100 മീറ്ററോളം അകലെയുള്ള പ്രധാന റോഡിലാണ് എത്തിയത്.
വീട്ടിലേക്കു ചെറിയ ആംബുലൻസ് കയറാനുള്ള വഴിയാണുള്ളത്. എന്നാൽ ആംബുലൻസിൽ സ്ട്രക്ചറും പിപിഇ കിറ്റുകളും ഉണ്ടായിരിന്നിട്ടും സന്തോഷിനെ എടുത്തുകൊണ്ടുപോകാൻ ആംബുലൻസ് ജീവനക്കാർ തയാറായില്ല.
വീട്ടുകാർ ആവശ്യപ്പെട്ടിട്ടും സ്ട്രക്ചർ നൽകാൻ ജീവനക്കാർ തയാറായില്ലെന്നും പറയുന്നു. പകരം മറ്റൊരു ചെറിയ ആംബുലൻസിനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു.
ഇതെത്തിയപ്പോൾ അരമണിക്കൂറോളം വൈകി. ഭാര്യയും അമ്മയും ചേർന്ന് സന്തോഷിനെ ആംബുലൻസിന്റെ അടുത്ത് എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം ഉറപ്പാക്കിയത്. ആംബുലൻസ് ജീവനക്കാർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിക്കാനിടയായത്.
ക്വാറന്റൈനിലായ സന്തോഷിന്റെ അമ്മയും ഭാര്യയും ജീവനക്കാർക്കെതിരേ പിന്നീട് പരാതി നൽകും.
ആരോഗ്യ പ്രവർത്തകർക്ക് അപമാനമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച ആംബുലൻസ് ജീവനക്കാരുടെ പേരിൽ ശിക്ഷാ നടപകൾ സ്വീകരിക്കണമെന്ന് എസ്എൻഡിപി യോഗം പുറക്കാട് ശാഖാ പ്രസിഡന്റ് എം.ടി. മധു ആവശ്യപ്പെട്ടു.