പത്തനംതിട്ട: വിവാദങ്ങളേ തുടർന്ന് കോവിഡ് ബാധിതരായി മരിച്ചവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു.
ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക കണക്കിൽ ഇന്നലെ ജില്ലയിലെ കോവിഡ് മരണം 431 ആണ്. ഇന്നലെ നാലു പേരും മരിച്ചിട്ടുണ്ട്. മരണനിരക്ക് 0.35 ശതമാനമാണ്.
ആറുമാസത്തിനിടെ 707 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിനുകളിൽ പറയുന്നത്. ഇവരിൽ നല്ലൊരു പങ്കിനും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും ഇതര രോഗങ്ങൾ മൂലമുള്ള സങ്കീർണതകളാണ് മരണകാരണമെന്നായിരുന്നു നിഗമനം.
ഇതോടൊപ്പം കോവിഡ് നെഗറ്റീവായെങ്കിലും ചികിത്സയിൽ തുടരവേ മരിച്ചവർ നിരവധിയുണ്ട്. ഇവരെ കോവിഡ് പട്ടികയിൽ എവിടെയും ഉൾപ്പെടുത്തിയിരുന്നില്ല.
കോവിഡാനന്തര ചികിത്സയിലിരിക്കേ മരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം. കോവിഡ് ബാധിതരായി മരിച്ചവരിൽ നല്ലൊരു പങ്കും ജീവിതശൈലി രോഗമുള്ളവരോ, ശ്വാസകോശ രോഗങ്ങൾ, മാരകമായ മറ്റുരോഗങ്ങൾക്ക് ചികിത്സയിലുള്ളവരോ ആയിരുന്നു.
കോവിഡ് പോസിറ്റീവായിരിക്കെ ന്യൂമോണിയ ബാധിച്ച പലരും അതീവ ഗുരുതരാവസ്ഥയിലേക്ക് വേഗം പോകുകയും വെന്റിലേറ്ററിന്റെ അടക്കം സഹായത്തോടെ ജീവൻ നിലനിർത്തിവരികയും ചെയ്യുന്പോൾ കോവിഡ് നെഗറ്റീവ് റിസൽട്ട് ലഭിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തവരുമുണ്ട്.
വീടുകളിൽ മരിച്ച് ആശുപത്രികളിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കു വിധേയമായി പോസിറ്റീവായവരും കണക്കുകളിൽ ഉണ്ടായിരുന്നില്ല.
എന്നാൽ ഇവരെയെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്കാരം നടത്തിയത്. അപ്പോഴും കോവിഡ് മരണത്തിന്റെ കണക്കിലേക്ക് ഉൾപ്പെടുത്തിയില്ല.
2020 മേയ് 28നാണ് ജില്ലയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയാണ് മരിച്ചത്. 2020 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുപേർ മരിച്ചു.
ഒക്ടോബർ 10, നവംബർ 10, ഡിസംബർ 33, ജനുവരി 33, ഫെബ്രുവരി 23, മാർച്ച് 17, ഏപ്രിൽ 17 എന്നിങ്ങനെയായിരുന്നു മരണം. ഏറ്റവുമധികം ആളുകൾ മിരിച്ചത് മേയിൽ 166 പേരും ജൂണിൽ 106 പേരും മരിച്ചു.
ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകളിൽ ജനുവരിയിൽ 74, ഫെബ്രുവരി 76, മാർച്ച് – 32, ഏപ്രിൽ 72, മേയ് 288, ജൂണ് 164 എന്നിങ്ങനെ മരണമുണ്ട്.