സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിൽ 35,871 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 102 ദിവസത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്.
ഇതിനിടെ, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 ആയി ഉയർന്നു.
ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ അതിവേഗ വൈറസ് രണ്ടാഴ്ചയ്ക്കിടെ 158 പേർക്ക് ബാധിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നിവിടങ്ങളിലാണ് പ്രതിദിന രോഗബാധ കൂടുതൽ. എന്നാൽ, ഒരു മാസമായി കേരളത്തിൽ രോഗികളുടെ എണ്ണം കുറയുകയാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ സംസ്ഥാനങ്ങളിൽ 172 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 17,741 പേർ രോഗമുക്തി നേടി.
കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.
ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും പ്രതിരോധ വാക്സിനുകൾ കൂടുതൽ പേർക്ക് നൽകണമെന്നും കേന്ദ്രം നിർദേശിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നതിനു പിന്നാലെയാണു നിർദേശം.
മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ കാൽ ലക്ഷം കടന്നു
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ ആദ്യമായി കാൽ ലക്ഷം കടന്നു. ഇന്നലെ 25,833 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. 2020 സെപ്റ്റംബർ 11നു റിപ്പോർട്ട് ചെയ്ത 24,886 കേസുകളായിരുന്നു ഇതിനു മുന്പത്തെ റിക്കാർഡ്.
നാഗ്പുരിൽ 2926 പേർക്കും മുംബൈയിൽ 2788 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ടിടത്തും ഉയർന്ന പ്രതിദിന കണക്കാണിത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു.