സ്വന്തംലേഖകന്‍
കോഴിക്കോട്: കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയ റെംഡിസിവിര്‍ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി.
കോവിഡിന്റെ ആദ്യ കാലത്ത് രോഗികളുടെ ജീവന് രക്ഷാ മരുന്നെന്ന പേരില്‍ വ്യാപകമായി എത്തിച്ച മരുന്നായിരുന്നു റെംഡിസിവിര്‍.
എന്നാല്‍ പിന്നീട് ഗൈഡ്ലൈനില് മാറ്റം വരുത്തിയതോടെ കോവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്കാതായി. നിലവില്‍ ആയിരക്കണക്കിന് ഡോസ് മരുന്നുകളാണ് മെഡിക്കല്‍ കോളജില്‍ മാത്രമുള്ളത്.
അതേസമയം മരുന്നുകള്‍ ആശുപത്രികളില്‍ ധാരാളം ഉപയോഗിക്കാതെയുണ്ടെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കെഎംഎസ്സിഎല് അധികൃതര്‍ വ്യക്തമാക്കി.
ഹെപ്പറ്റൈറ്റിസ്സിക്ക് വേണ്ടി കണ്ടെത്തിയ മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മരുന്ന് ഉത്പാദനം വര്‍ധിപ്പിച്ചത്.
കയറ്റുമതി നിരോധിക്കുകയും വന്‍ വിലയുള്ള മരുന്ന് വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഒരു വയല്‍ മരുന്നിന് 2000 രൂപയോളമായിരുന്നു ചെലവ്.
കോവിഡ് രോഗികള്‍ക്ക് ഉപയോഗിച്ചാല്‍ രോഗം വേഗത്തില്‍ മാറുമെന്നായിരുന്നു ആദ്യഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഓക്സിജന്‍ പിന്തുണ വേണ്ട രോഗികള്‍ക്ക് മാത്രമായി മരുന്ന് നല്കിയാല് മതിയെന്ന തീരുമാനിച്ചു.
മരണ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്നും ആശുപത്രി ചികിത്സാ ദിനങ്ങള്‍ കുറക്കുമെന്ന വാദത്തിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.
തുടര്‍ന്ന് രോഗികള്‍ക്ക് ഈ മരുന്ന് നിര്ദേശിക്കാതെയായി. മെഡിക്കല്‍കോളജില്‍ ഇൗ മരുന്ന് ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് മെഡിക്കല്‍കോളജ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം ആയിരക്കണക്കിന് ഡോസ് മരുന്നാണ് നിലവിലുള്ളത്. നേരത്തെ മരുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴായിരുന്നു മരുന്ന് കൂടുതല്‍ എത്തിച്ച് തുടങ്ങിയത്.
റെംഡിസിവിര്‍ പോലെ കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന പേരില്‍ പുതുതായി ഇറങ്ങിയ കാസിറിവിമാ ബ്-ഇംഡെവിമാബ് കോമ്പിനേഷന്‍ (ആന്റിബോഡി കോക്ടെയ്ല്‍ ഡ്രഗ്) ആന്റി വൈറല്‍ മരുന്നും മെഡിക്കല്‍ കോളജില്‍ കെട്ടിക്കിടക്കുകയാണ്.
ഇടത്തരം രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഫലപ്രദമാണെന്ന് പറഞ്ഞാണ് മരുന്നിറക്കിയത്. 2,400 മില്ലിഗ്രാം മരുന്നാണ് ഒരു വയല്‍. ഇത് രണ്ട് രോഗികള്‍ക്ക് നല്‍കാം.
1,19,500 രൂപയാണ് ഒരു വയലിന് വില. ഈ മരുന്നും ഉപയോഗിക്കുന്നില്ല. വന്‍ വിലയുള്ള മരുന്നുകളാണ് ഇങ്ങനെ ആശുപത്രിയില്‍ ഡോസ് കണക്കിന് ഉപയോഗിക്കാതെ കിടക്കുന്നത്.
എന്നാല്‍ ഇവ പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു സംസ്ഥാനത്തിന് ലഭിച്ചതെന്ന് കെഎംഎസ് സിഎല്‍ അറിയിച്ചു.
കടുത്ത ക്ഷാമം നേരിട്ട ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകളും ഇപ്പോള്‍ കൂടുതലായി എത്തിച്ചിട്ടുണ്ട്. 450 വയല്‍ മരുന്നുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെത്തിച്ചത്.