ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കണക്കുകൾ ഭേദിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,14,835 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതു ലോകത്ത് ഏതെങ്കിലും രാജ്യത്ത് ഒറ്റദിവസം ഉണ്ടാകുന്ന രോഗികളുടെ ഏറ്റവും ഉയർന്ന സംഖ്യയാണ്.
ഇന്നലെ മാത്രം 2,104 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതും റിക്കാർഡാണ്.
അമേരിക്കയിൽ കഴിഞ്ഞ ജനുവരി എട്ടിനു രേഖപ്പെടുത്തിയ 3,00,669 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെറിക്കാർഡ്.
കേരളത്തിലടക്കം രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തി.
കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാരുകൾ രോഗബാധ നിയന്ത്രിക്കാൻ കഠിന പ്രയത്നം തുടരുന്നു.
രാജ്യത്തെ 146 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലാണ്.
274 ജില്ലകൾ അഞ്ചുമുതൽ 15 വരെ ശതമാനം പോസിറ്റിവിറ്റി നരക്ക് രേഖപ്പെടുത്തുന്നു.
അതേസമയം വാക്സനേഷൻ പൂർത്തിയാക്കിയവരിൽ രോഗബാധ വളരെക്കുറഞ്ഞുവെന്ന കണ്ടെത്തൽ ചെറിയ ആശ്വാസം നൽകുന്നുണ്ട്.
ഇന്നലെ 1,78,841 പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു.