ഗാന്ധിനഗർ: ഒരേദിവസം രണ്ടു സ്ഥലത്ത് നടത്തിയ ആർടിപിസിആർ ഫലം പുറത്തുവന്നപ്പോൾ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ്.
ശരിയായ പരിശോധനാ ഫലമേതെന്നറിയാതെ യുവതി പരിഭ്രാന്തിയിൽ. ആർപ്പൂക്കര മണലേൽ പള്ളി കരിപ്പ ഭാഗത്തുള്ള 34 കാരിയുടെ ആർടിപിസിആർ പരിശോധനാ ഫലത്തിലാണ് വൈരുധ്യം.
മെഡിക്കൽ കോളജിലെ ദന്തരോഗ വിഭാഗത്തിൽ പല്ലിന്റെ റൂട്ട് കനാൽ ചെയ്യുന്നതിനാണു മെഡിക്കൽ കോളജിൽ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തിൽ ഇവർ എത്തിയത്.
20ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് അറിയിച്ചു.
അന്നു രാത്രി സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21നു വൈകുന്നേരം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവെന്നായിരുന്നു.
18നു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്നു യുവതി പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനാ ഫലത്തിൽ സംശയമുള്ളതിനാൽ ആശുപത്രി അധികൃതർക്ക് ഇന്നു പരാതി നൽകുമെന്ന് യുവതി പറഞ്ഞു.