അമ്പലപ്പുഴ: ഉല്ലാസയാത്ര നടത്തിയ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ കോവിഡ് പിടിയിലായി. ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ.
അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പഠനയാത്രയുടെ മറവിൽ കുടുംബസമേതം മൂന്നാറിലടക്കം ഇവർ ഉല്ലാസ യാത്ര നടത്തിയിരുന്നു.
17 ഓളം ഉദ്യോഗസ്ഥർക്ക് പോകാനാണ് അനുമതി . എന്നാൽ ഇതിന്റെ മറവിൽ കുട്ടികൾ ഉൾപ്പെടെ 44 ഓളം പേരാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഉല്ലാസയാത്ര നടത്തിയത്.
മുൻ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കോവിഡ് വർധിക്കുകയാണ്.
ഇതിനിടയിലാണ് ഉദ്യോഗസ്ഥർ സർക്കാർ നിർദേശം കാറ്റിൽപ്പറത്തി ഉല്ലാസയാത്രക്ക് പോയത്.
തുടർന്ന് മടങ്ങിയെത്തിയ സംഘത്തിലെ 3 പേർക്ക് ഉൾപ്പെടെ കോവിഡ് 19 വ്യാപിക്കുകയായിരുന്നു പിന്നീട് ഇവർ ഇന്നലെ മുതൽ ഹോം ക്വാറന്റൈനിലേക്ക് പോകുകയായിരുന്നു.
ആരോഗ്യ വകുപ്പിന്റെ കായകൽപ്പ പുരസ്കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവർ ഈ ഉല്ലാസ യാത്ര നടത്തിയത്.
യാത്ര പരമാവധി മറ്റുള്ളവർ അറിയാതിരിക്കാൻ അവധി ദിവസമാണ് ഇവർ തെരഞ്ഞെടുത്തത്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവത്തിന് ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ഡസ്ക് ആരംഭിച്ചിട്ട് ഇത് മാതൃകാപരമായി പ്രവർത്തിപ്പിക്കാൻ പോലും യുഎച്ച് ടിസി അധികൃതർക്ക് കഴിഞ്ഞിരുന്നില്ല .
ഉല്ലാസയാത്രക്ക് പോയി മടങ്ങി എത്തിയ ഉദ്യോഗസ്ഥരിൽ നിന്നും അമ്പലപ്പുഴ അർബൻ ആരോഗ്യ കേന്ദ്രത്തിൽ എത്തിയ മറ്റ് രോഗികൾക്കുൾപ്പെടെ കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കോവിഡ് വ്യാപനമുണ്ടാക്കാൻ ഉല്ലാസ യാത്രക്ക് നേതൃത്വം നൽകിയ സീനിയർ ഉദ്യോഗസ്ഥനെതിരെയും ഇതിന് അനുമതി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.