നോർവേ: ഒട്ടനവധി പ്രത്യേകതകൾ കൊണ്ടു ശ്രദ്ധേയമായ യൂറോപ്യൻ രാജ്യം നോർവേ കോവിഡ്-19നെ വരുതിയിൽ നിർത്തുന്നതിലും വിജയം കാണുന്നു. കഴിഞ്ഞ ജനുവരി മുതൽ യൂറോപ്പിൽ ചേക്കേറി മിക്ക രാജ്യങ്ങളെയും വിറപ്പിക്കുന്ന കോവിഡിനു നോർവേയിൽ അധികം ആഘാതം ഏൽപ്പിക്കാനായില്ല.
ഫെബ്രുവരി 26നാണ് നോർവേയിൽ ആദ്യ കേസ് സ്ഥിരീകരിച്ചത്. മാർച്ച് മാസത്തിൽ കേസുകളുടെ എണ്ണം ത്വരിതപ്പെട്ടെങ്കിലും 35 ദിവസങ്ങൾ പിന്നിടുന്പോൾ 5000ൽ താഴെ മാത്രമാണ് രോഗികളായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം(4,879). മരണം ഇതുവരെ അൻപതിൽ താഴെയും(45).
മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ നോർവേയിൽ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. ശരാശരി 0.45 ശതമാനം മാത്രം.
കോവിഡിൽ ഇറ്റലിയിലെ മരണനിരക്ക് ഏകദേശം 10 ശതമാനമാണ്. സ്പെയിനിൽ ഏഴു ശതമാനം വരെയും യുകെയിൽ അഞ്ചു ശതമാനവുമാണ്. ജർമനി 0.09 ശതമാനമാണ്. നോർവേയുടെ അയൽ രാജ്യങ്ങളായ ഡെൻമാർക്ക്, സ്വീഡൻ എന്നിവിടങ്ങളിൽ മരണനിരക്ക് യഥാക്രമം രണ്ട്, 1.6 ശതമാനമാണ്. ഈ കണക്കുകൾ യൂറോപ്യൻ യൂണിയന്റെ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ (ഇസിഡിസി) സ്ഥിരീകരിച്ചതാണ്. 53.7 ലക്ഷമാണ് നോർവേയിലെ ജനസംഖ്യ.
പരിശോധന ശക്തം
രാജ്യത്തു പരിശോധന ശക്തമാക്കിയതു രോഗത്തെ ചെറുക്കാൻ സഹായിച്ചതായി നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ (എൻഐപിഎച്ച്) മുതിർന്ന ഉപദേഷ്ടാവ് ഡിഡ്രിക് വെസ്ട്രൈം പറയുന്നു. ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനത്തിനു പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് നോർവേ- അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം നോർവേ 94,265 പരിശോധനകൾ നടത്തി, 4,848 സ്ഥിരീകരിച്ച കേസുകളും 44 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 26 നാണ് ആദ്യ കേസ് നോർവേ സ്ഥിരീകരിച്ചത്. ചൈനയിൽനിന്നു മടങ്ങിയ ഒരു സ്ത്രീക്കാണ് ബാധയുണ്ടായത്.
ട്രോംസിലെ വീട്ടിൽ അവർ ഐസോലേഷനിലായി. 27ന് നോർവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് മൂന്നു പേർക്കു കൂടി പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു. 29ന് നോർവേയിൽ 15 വൈറസ് കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് 12ന് ഒരു ദേശീയ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. മാർച്ച് 13 മുതൽ വിമാനത്താവളങ്ങൾ അടച്ചു.
നിയമ നിർമാണം
കൊറോണവൈറസ് ബാധ നേരിടാൻ നോർവീജിയൻ സർക്കാർ പ്രത്യേക നിയമ നിർമാണം നടത്തിയത് ഏറെ ഫലപ്രദമായി. ഇതുപ്രകാരം പാർലമെന്റിൽ ചർച്ചചെയ്യാതെ പുതിയ നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകാനും സർക്കാരിന് അധികാരം ലഭിച്ചു.
ഹെറാൾഡ് അഞ്ചാമൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന അസാധാരണ യോഗത്തിൽ നിർദേശം അവതരിപ്പിച്ചു പാസാക്കി. ദിവസങ്ങൾ പ്രതിപക്ഷവുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്താണ് നിയമം നടപ്പിലാക്കിയത്.
ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തിൽ അതിവേഗമുള്ള പ്രവർത്തനം അനിവാര്യമാണെന്നു നോർവീജിയൻ പ്രധാനമന്ത്രി എർന സോൾബെർഗ്പറഞ്ഞു. ക്വാറന്റൈൻ നിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നവർക്ക് 2,000 ഡോളർ പിഴ ചുമത്താൻ നോർവീജിയൻ സർക്കാർ ഉത്തരവിട്ടു.
വൈറസ് ട്രാക്കിംഗ് ആപ്
കൊറോണ വൈറസിനെ ട്രാക്ക് ചെയ്യാനുള്ള സ്മാർട്ട്ഫോണ് ആപ്ലിക്കേഷൻ നോർവീജിയൻ ദേശീയ ഹെൽത്ത് ഏജൻസി പുറത്തിറക്കി. ജനങ്ങളുടെ യാത്ര ട്രാക്ക് ചെയ്ത്, കൊറോണ ബാധിതരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്നു മനസിലാക്കുകയും ഉടൻ ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.സിമുല എന്ന സോഫ്റ്റ്വെയർ കന്പനിയാണ് ഇതു വികസിപ്പിച്ചെടുത്തത്.
പുതിയ റെസ്പിറേറ്റർ
നോർവേ കന്പനികൾ റിക്കാർഡ് സമയത്തിനുള്ളിൽ പുതിയ റെസ്പിറേറ്റർ രൂപകല്പന ചെയ്തു. പ്രധാനമന്ത്രി എർന സോൽബെർഗിന്റെ പത്രസമ്മേളനത്തിൽ ടോർ ലുർഡാൽ ഉപകരണം പ്രദർശിപ്പിച്ചു.
രണ്ടു പ്രാദേശിക കന്പനികളിൽനിന്ന് 1,000 പുതിയ എമർജൻസി റെസ്പിറേറ്ററുകൾക്ക് ഒാർഡർ നൽകി. ആരോഗ്യ ജീവനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധം രൂപകല്പന ചെയ്തിട്ടുള്ള ശ്വസന ഉപകരണങ്ങളാണു വികസിപ്പിക്കുന്നത്.
നോർവേയ്ക്ക് അവയെല്ലാം ആവശ്യമില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ഇത്തരം ഉപകരണങ്ങൾ നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്നും നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് മേധാവി പറഞ്ഞു.
ജോസ് കുന്പിളുവേലിൽ