സ്വന്തം ലേഖകൻ
തൃശൂർ: ആളുകൾ ഒരുമിച്ച് കൂടുതലായി താമസിക്കുന്നിടങ്ങളിൽ കോവിഡ് ജാഗ്രത കുറയുന്നതായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ്.
ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ആരോഗ്യവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു.
ഹോസ്റ്റുകൾ, ആരും നോക്കാനില്ലാത്ത പ്രായമായവർ താമസിക്കുന്ന അഗതി മന്ദിരങ്ങൾ, പോലീസ്എക്സൈസ്ഫയർഫോഴ്സ് അക്കാദമികൾ, അവിടെ സേനാംഗങ്ങളും പരിശീലനാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകൾ, ജയിലുകൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും മറ്റും നിരവധി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇത്തരം സ്ഥലങ്ങളിൽ ഒരാൾക്കെങ്കിലും പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിസാരമായി കാണരുതെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ജില്ലയിൽ കോവിഡ് രോഗ നിയന്ത്രണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഡിഎംഒ ഡോ.കെ.ജെ.റീന പറഞ്ഞു.
ആളുകൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിൽ കേസുകൾ കൂടുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് അത്തരം കേന്ദ്രങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.
ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.