ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ ഫോൺവിളിക്കിടെ നഴ്സ്, കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ സ്ത്രീക്ക് രണ്ട് ഡോസ് കുത്തിവയ്പും ഒരുമിച്ച് നൽകി.
അക്ബർപുർ മാർഹൗലിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം.
അമ്പതുവയസുകാരിയായ കമലേഷ് കുമാരിക്കാണ് അബദ്ധത്തിൽ ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയത്.
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു കമലേഷ് കുമാരി. നഴ്സ് അർച്ചനയ്ക്കാണ് അശ്രദ്ധയുണ്ടായത്.
കുത്തിവയ്പ് എടുക്കുന്ന സമയം അർച്ചന ഫോണിലായിരുന്നെന്ന് പറയുന്നു. തനിക്ക് രണ്ട് കുത്തിവയ്പ് എന്തിനാണ് നൽകിയതെന്ന് കമലേഷ് കുമാരി ചോദിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
ഉടനെ നഴ്സ് മാപ്പ് പറയുകയും ചെയ്തു. എന്നാൽ കമലേഷ് കുമാരിയുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെ ബഹളമുണ്ടാക്കി. കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതിനൽകി.