ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്.
ജനിതക മാറ്റം വന്ന പുതിയ വൈറസിന് കൂടുതൽ വകഭേദങ്ങളുമുണ്ട്. പുതിയ വൈറസ് എത്രമാത്രം വിനാശകാരിയാണെന്നു വരുംദിവസങ്ങളിലേ പറയാൻ കഴിയൂ എന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നത്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കർശന ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു.
വിദേശത്തുനിന്നെത്തിയവരുടെ സന്പർക്കപട്ടിക സൂക്ഷ്മമായി നിരീക്ഷിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.
പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്ന വൈറസ് ആണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകാരാഗ്യ സംഘടനയും ഇതേക്കുറിച്ചു വിശദമായി പഠിച്ചുവരികയാണ്.
മുൻപു കണ്ടെത്തിയ ഡെൽറ്റയെക്കാൾ കരുത്തനായതുകൊണ്ടു നിലവിലുള്ള കോവിഡ് വാക്സിന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള ശക്തിയും പുതിയ വൈറസിനുണ്ടായിരിക്കുമെന്നാണു വിലയിരുത്തൽ.
വാക്സിനിൽ ആശങ്ക വേണ്ട: സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നു സുപ്രീംകോടതി.
വാക്സിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെന്ന തരത്തിലുള്ള സന്ദേശം കോടതിയിൽനിന്നുണ്ടാകില്ല.
വാക്സിൻ സ്വീകരിച്ച ശേഷം 30 ദിവസത്തിനുള്ളിൽ മരിച്ചവരുടെ കണക്കുകൾ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയുടെ പകർപ്പ് സോളിസിറ്റർ ജനറലിനു കൈമാറാൻ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കോവിഡ് മരണം: കേരളം രണ്ടാമത്
ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്ത്. ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെ വരെ കേരളത്തിൽ 39,125 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1,40,900 പേർ മരിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്ത് കർണാടകയാണ്-38,193. തമിഴ്നാട്ടിൽ 36,443 പേരാണു മരിച്ചത്. കർണാടകയിലെയും തമിഴ്നാട്ടിലെയും ജനസംഖ്യയുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലാണു മരണനിരക്ക് കൂടുതൽ.
കോവിഡ് മരണങ്ങളിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ- 4,67,468 മരണം.