പത്തനംതിട്ട: ജില്ലയിലെ സർക്കാർ മേഖലയിലെ കോവിഡ് ആശുപത്രികളിൽ ഐസിയുകൾ നിറയുന്നു.
വെന്റിലേറ്റർ സഹായത്തോടെ ചികിത്സവേണ്ടവരുടെ എണ്ണം പ്രതിദിനം ഏറി വരുന്ന സാഹചര്യത്തിൽ പുതിയ സംവിധാനങ്ങൾക്ക് ക്രമീകരണം വേണമെന്നാവശ്യവുമായി ആരോഗ്യ വിദഗ്ധർ.
ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലമാണ് നിലവിൽ കോവിഡ് ചികിത്സ. രണ്ടിടങ്ങളിലും ഐസിയു കിടക്കകൾ ഏതാണ് നിറഞ്ഞു കൊണ്ടേയിരിക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ സ്ഥലമില്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങാത്ത പശ്ചാത്തലത്തിൽ ചികിത്സ ഏറ്റെടുക്കാൻ സ്ഥാപനങ്ങൾ തയാറാകുന്നില്ല.
കഴിഞ്ഞദിവസം കടമ്മനിട്ടയിൽ നിന്നും കോവിഡ് ബാധിതനായ യുവാവിന്റെ ബന്ധുക്കളും പഞ്ചായത്തംഗവും അന്വേഷിച്ചപ്പോൾ രണ്ട് കോവിഡ് ആശുപത്രികളിലും ഇടമില്ലെന്ന മറുപടി ആദ്യം ലഭിച്ചതായി ആരോപണമുയർന്നിരുന്നു.
പിന്നീട് സ്വന്തം വാഹനത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴഞ്ചേരി: കോവിഡ് വ്യാപനം അതീരൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ കോവിഡ് ചികിത്സ ആരംഭിക്കണമെന്നാവശ്യം ആരോഗ്യ മേഖലയിലുള്ളവർ വീണ്ടും ഉയർത്തി.
ഇവരുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യത്തിൽ അനുകൂലമായ റിപ്പോർട്ട് ജില്ലാ ആരോഗ്യവിഭാഗം നൽകിയിരുന്നു.
നിലവിൽ കോവിഡ് ചികിത്സ നടക്കുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ 90 ശതമാനം ഓക്സിജൻ കിടക്കകളും ഐസി യൂണിറ്റും നിറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ കോവിഡ് രൂക്ഷമായ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഓക്സിജന്റെ ക്ഷാമമാണ് ഇതിനു പ്രധാന കാരണം.
സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ നൽകുന്നത് പരിമിതപ്പെടുത്തിയിട്ടുള്ളതായി പറയുന്നു.സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ മുറിക്ക് 8000 രൂപയാണ് കുറഞ്ഞ ദിവസ വാടക.
ഐസിയൂണിറ്റിലാണെങ്കിൽ ഇതിലും കൂടും. എന്നാൽ ജില്ലാ ആശുപത്രിക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരും മറ്റ് പരാമെഡിക്കൽ സ്റ്റാഫും നേഴ്സുമാരുമുള്ള അടൂർ ജനറൽ ആശുപത്രിയിൽ ഇതേവരെയും കോവിഡ് ചികിത്സ തുടങ്ങിയിട്ടില്ല.
നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് ചികിത്സ.
തിരുവല്ല, റാന്നി, കോന്നി ആശുപത്രികളിലും പരിമിതമായിട്ടെങ്കിലും ചികിത്സ ആരംഭിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.